പലതരത്തിലുള്ള ട്രെൻഡുകൾക്ക് വേദിയാവാറുണ്ട് സോഷ്യൽ മീഡിയ. അത്തരത്തിൽ വ്യത്യസ്തമായൊരു ട്രെൻഡാണ് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്.
ഇഷ്ടപ്പെട്ട താരങ്ങൾക്ക് മെസേജ് അയക്കുന്നതും അവരിൽ നിന്ന് മറുപടി കിട്ടാത്തതുമെല്ലാം സാധാരണമാണ്. എന്നാൽ മറുപടി കിട്ടാനും വഴിയുണ്ടെന്ന് തെളിയിക്കുകയാണ് ചില കുട്ടി ആരാധകർ.
കഴിഞ്ഞദിവസം തെലുങ്കുനടൻ വിജയ് ദേവരകൊണ്ടയെ ടാഗ് ചെയ്തു കൊണ്ട് രണ്ട് കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.’ ഈ വീഡിയോയ്‌ക്ക് വിജയ് ദേവരകൊണ്ട കമന്റ് ചെയ്താൽ ഞങ്ങൾ പരീക്ഷക്ക് പഠിക്കാൻ തുടങ്ങു’മെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്‌ക്ക് താരം നേരിട്ടെത്തി കമന്റ് ചെയ്തത് സോഷ്യൽ മീഡിയ കണ്ടു.
ഇപ്പോഴിതാ സമാനമായൊരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. താഹ ഹാസൂൻ എന്ന ഇൻസ്റ്റാഗ്രാം ഐ.ഡിയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം മറുപടി പറഞ്ഞത്.
വിജയ ദേവരകൊണ്ടയെ പോലെ ‘ ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും’ എന്ന അടിക്കുറിപ്പ് തന്നെയാണ് താഹ ഹാസൂനും വീഡിയോയ്‌ക്ക് നൽകിയത്. പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ ടൊവിനോ തന്നെ വീഡിയോക്ക് കമന്റ് ഇടുകയായിരുന്നു. ‘പോയിരുന്നു പഠിക്ക് മോനേ’ എന്ന താരത്തിന്റെ മറുപടിയ്‌ക്ക് നിരവധി ലൈക്കുകളും കമന്റുകളും ഇതിനോടകം വന്നിട്ടുണ്ട്.
ടൊവിനോ ആരാധകർ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ കമന്റ് കണ്ട് ഇനിയും ഇത്തരത്തിൽ ആരാധകർ നേരിട്ടിറങ്ങുമോയെന്ന് കണ്ടു തന്നെയറിയണം. വിജയ് ദേവരകൊണ്ടയുടെ കമന്റിനായി വീഡിയോ ചെയ്ത വിദ്യാർത്ഥിനികൾക്ക് താരം നൽകിയ മറുപടി ‘പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയാൽ ഞാൻ നിങ്ങളെ നേരിട്ട് വന്ന് കാണാം ‘ എന്നായിരുന്നു.
ഹർഷിദാ റെഡ്‌ഡി എന്ന ഐ.ഡിയിൽ ആയിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിജയ് ആരാധകർ ഏറ്റെടുത്ത വീഡിയോ വലിയ രീതിയിൽ വൈറലാവുകയായിരുന്നു.
സൂപ്പർ താരങ്ങൾക്ക് പഞ്ഞമില്ലാത്ത ഇന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള വീഡിയോസുമായി എത്രത്തോളം ആരാധകർ മുന്നോട്ട് വരുമെന്ന് ഉറ്റുനോക്കുകയാണ് സൈബർ ലോകം.
Content Highlight: New Trend In Social Media