ന്യൂദല്‍ഹി: റെയില്‍വെ ബജറ്റില്‍ അവഗണിച്ച കേരളത്തിന് ആശ്വാസ നടപടികള്‍. രണ്ട് എക്‌സപ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെ പുതുതായി നാല് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചു.[]
ന്യൂദല്‍ഹി-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്സും, എറണാകുളം-കൊല്ലം റൂട്ടില്‍ രണ്ട് പുതിയ മെമു ട്രെയിനുകളുമാണ് പുതുതായി കേരളത്തിന് അനുവദിച്ചത്. മെമു സര്‍വീസുകളില്‍ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമാവും.
തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സപ്രസ്സ് കണ്ണൂര്‍വരെ നീട്ടും. കോഴിക്കോട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ തൃശ്ശൂര്‍വരെ നീട്ടും. കൊച്ചുവേളി ലോകമാന്യതിലക് എക്‌സപ്രസ് ആഴ്ചയില്‍ രണ്ടു ദിവസം ആക്കുമെന്നും റെയില്‍വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ ബജറ്റ് മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കേരളത്തിലെ കൊല്ലം, കോഴിക്കോട്, തൃശൂര്‍, ഗുരുവായൂര്‍, തൃപ്പൂണിത്തുറ, ചിങ്ങവനം എന്നീ ആറ് റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു.
എന്നാല്‍ റെയില്‍വെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കേരളത്തോട് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടായത്.