ലോകസിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ ദി വേ ഓഫ് വാട്ടര്‍. പണ്ടോറയിലെ അത്ഭുതകാഴ്ചകള്‍ക്കായി ഡിസംബര്‍ 16 വരെ ഇനിയും കാക്കണം.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുകയാണ്. ജേക്ക്, നെയ്ത്രി, അവരുടെ കുട്ടികള്‍ എന്നിവരിലൂടെയാണ് ട്രെയ്‌ലര്‍ മുന്നോട്ട് പോകുന്നത്. വായുവിലൂടെയും വെള്ളത്തിലൂടെയും കുതിച്ചുപായാനാവുന്ന അത്ഭുത ജീവികളുടെ പുറത്തേറി ജേക്കും സംഘവും പോരാട്ടത്തിനൊരുങ്ങുന്നതും ട്രെയ്‌ലറില്‍ കാണാം.
മനുഷ്യര്‍ വീണ്ടും പണ്ടോറയിലെത്തുന്നതും അതിജീവനത്തിനായുള്ള അവിടുത്തെ മുഷ്യരുടെ പോരാട്ടവുമാണ് രണ്ടാം ഭാഗത്തിലുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം നേരത്തെ അറിയിച്ചത്.
‘നമസ്‌തേ ഇന്ത്യ! ഞാന്‍ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളില്‍ അവതാര്‍ ദി വേ ഓഫ് വാട്ടര്‍ നിങ്ങള്‍ അനുഭവിച്ചറിയുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഡിസംബര്‍ 16-ന് പണ്ടോറയിലേക്കുള്ള മടക്കം ആഘോഷിക്കാം’, എന്നാണ് ജോണ്‍ ട്വീറ്റ് ചെയ്തിരുന്നത്.
2009 ലാണ് അവതാര്‍ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയുടെ ചരിത്രത്തില്‍ 2.923 ബില്യണ്‍ ഡോളര്‍ നേടി ഏറ്റവും കളക്ഷന്‍ എന്ന റെക്കോഡ് അവതാര്‍ നേടിയിരുന്നു. ഈ റെക്കോഡ് ഇന്നുവരെ ഭേദിക്കാനുമായിട്ടില്ല. രണ്ടാം ഭാഗം ആദ്യ ചിത്രത്തിന്റെ റെക്കോഡ് തകര്‍ക്കുമെന്നാണ് സിനിമാ പ്രേമികളൊന്നാകെ പറയുന്നത്. 2000 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കെയ്റ്റ് വിന്‍സ്‌ലെറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെയ്റ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.
Content Highlight: new trailer of avatar the way of water