| Sunday, 23rd July 2023, 11:57 pm

ടെസ്റ്റ് ക്രിക്കറ്റില്‍ അത്യപൂര്‍വ്വ റെക്കോഡുകള്‍ വാരി ഈ ഇന്ത്യന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്യപൂര്‍വ്വ റെക്കോഡുകള്‍ വാരി ഇന്ത്യന്‍ ഓപ്പണിങ് സഖ്യം. യശസ്വി ജെയ്‌സ്വാള്‍-രോഹിത് ശര്‍മ സഖ്യം രണ്ട് ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 466 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ വെറും രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവുമധികം റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാര്‍ എന്ന ഖ്യാതിയാണ് ഇരുവരെയും തേടിയെത്തിയത്. ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമെ ഇന്ത്യ ബാറ്റ് ചെയ്തിരുന്നുള്ളൂ എന്നതും ഇവിടെ ശ്രദ്ധേയമാണ്.

അതേസമയം, മറ്റൊരു റെക്കോഡ് കൂടി ഇരുവരും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യം നേടുന്ന ഫാസ്റ്റസ്റ്റ് ഫിഫ്റ്റിയെന്ന റെക്കോഡും ഇനി ജെയ്‌സ്വാള്‍-രോഹിത് കൂട്ടുകെട്ടിന്റെ പേരിലാണ്.

വെറും 35 പന്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീം ടോട്ടല്‍ അമ്പത് കടത്തിയത്. ടി-20 ശൈലിയിലാണ് ഇരുവരും ഞായറാഴ്ച ബാറ്റ് വീശിയത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച ഫോമിലാണ് ഓപ്പണര്‍മാര്‍ ഇരുവരും.

ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയ ആദ്യ ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ (103) സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ 80, 57 എന്നിങ്ങനെ രണ്ട് ഫിഫ്റ്റികളും ഹിറ്റ്മാന്‍ നേടിക്കഴിഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ് ഇപ്പോഴുള്ളത്.

അതേസമയം, വിന്‍ഡീസിനെതിരെ രണ്ടാം ഇന്നിങ്‌സ് ഇന്ത്യ 181/2 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യക്ക് നിലവില്‍ 364 റണ്‍സിന്റെ ലീഡ് സ്വന്തമായുണ്ട്. രോഹിത് ശര്‍മയ്ക്ക് (57) പുറമെ ഇഷാന്‍ കിഷനും (34 പന്തില്‍ 52) ഫിഫ്റ്റി നേടി. ഇഷാനൊപ്പം ശുഭ്മന്‍ ഗില്‍ (29) പുറത്താകാതെ നിന്നു. ജെയ്‌സ്വാള്‍ 38 റണ്‍സെടുത്ത് പുറത്തായി.

Content Highlights: new test cricket record for indian openers

We use cookies to give you the best possible experience. Learn more