ഹൈദരബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളിയും കൂടി പണിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.
‘പുതിയ സെക്രട്ടേറിയറ്റ് പരിസരത്ത് ക്ഷേത്രവും പള്ളിയും ക്രിസ്ത്യന്‍ പള്ളികളും ഉണ്ടായിരിക്കും’ – മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മാധ്യമങ്ങളെ അറിയിച്ചു.
സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുവെന്നും അതിനാലാണ് സെക്രട്ടേറിയറ്റില്‍ എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ഐ.എം.എം നേതാവ് അസസുദ്ദിന്‍ ഒവൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് റാവു തന്റെ തീരുമാനം അറിയിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ സെക്രട്ടറിയേറ്റ് മന്ദിരം പണി കഴിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പള്ളികള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കേണ്ടി വന്നിരുന്നു. അവ പുനര്‍നിര്‍മ്മിക്കാനായി മുഖ്യമന്ത്രിയെ സമീപിച്ച പ്രതിനിധികളുടെ സമ്മേളനത്തിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.
പഴയ സെക്രട്ടേറിയറ്റ് പരിസരത്ത് തന്നെ പള്ളികള്‍ നിര്‍മ്മിക്കുമെന്ന് റാവു പറഞ്ഞു. മുമ്പുണ്ടായിരുന്ന അതേ സ്ഥലത്ത് തന്നെ രണ്ട് പള്ളികളും വിശ്വാസികള്‍ക്ക് നിര്‍മ്മിച്ച് നല്‍കും.
ഓരോ പള്ളിയും 750 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് നിര്‍മ്മിക്കുക. നിര്‍മാണത്തിനുശേഷം പള്ളികള്‍ സംസ്ഥാന വഖഫ് ബോര്‍ഡിന് കൈമാറും.
അതുപോലെ 1500 ചതുരശ്ര ചുറ്റളവില്‍ പ്രദേശത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും നിര്‍മ്മാണത്തിന് ശേഷം അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറും. സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഉണ്ടായിരുന്നതിനാല്‍ അവര്‍ക്കായി ഒരു പള്ളിയും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം അന്താരാഷ്ട്ര നിലവാരത്തില്‍ ഹൈദരാബാദില്‍ ഒരു ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും റാവു പറഞ്ഞു. ഇതിനായി ഒരു സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ ജോലികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക