| Tuesday, 9th October 2012, 12:55 pm

എന്‍ഡോസള്‍ഫാന്‍: പഠനത്തിന് പുതിയ സമിതി, കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി പുതിയ സമിതിയെ നിയമിച്ചു.  ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറലാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷന്‍.

നിലവിലുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍  അധ്യക്ഷനായ സമിതിയെ നിയമിച്ചത്.[]

ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം എടുക്കും.

എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോ, രാജ്യത്ത് എത്രയളവില്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ട്, അത് എങ്ങനെ നിരോധനത്തിന് ശേഷം  വിദേശത്തേക്ക് കയറ്റി അയയ്ക്കാം,

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എങ്ങനെ നിര്‍വീര്യമാക്കാം. അതിന് എത്ര ചെലവ് വരും തുടങ്ങി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചിട്ടുള്ളത്. വിഷയം പഠിച്ച് ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കേന്ദ്ര കൃഷിമന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സമിതി.

We use cookies to give you the best possible experience. Learn more