| Friday, 24th May 2024, 12:29 pm

എ.ഐ ഭാവിയിൽ ജോലികൾ ഇല്ലാതാക്കും, പേടിക്കണം: എലോൺ മസ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൺ: വരുംകാലങ്ങളില്‍ ആളുകളുടെ തൊഴിലുകള്‍ എ.ഐ ഇല്ലാതാക്കിയേക്കുമെന്ന മുന്നറിയിപ്പുമായി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്. ഭാവിയില്‍ എല്ലാ ജോലികളും എ.ഐ ഏറ്റെടുത്തേക്കാമെന്നും പലരുടേയും ജോലി നഷ്ടപ്പെട്ടേക്കാമെന്നും മസ്‌ക് പറഞ്ഞു.

കമ്പ്യൂട്ടറുകളും റോബോര്‍ട്ടുകളും മനുഷ്യരേക്കാള്‍ നന്നായി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ആളുകളുടെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉണ്ടാകുകയെന്നും മസ്‌ക് ചോദിച്ചു. വ്യാഴാഴ്ച പാരീസിൽ നടന്ന യു.കെ, എ.ഐ ടെക് കോൺഫെറൻസിലാണ് എലോൺ മസ്ക് ഇതേക്കുറിച്ച് സംസാരിച്ചത്.

‘ലോകത്തിന് ആവശ്യമുള്ള സാധനകളും സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോർട്ടുകൾ ചെയ്യുന്ന കാലമാണ് വരാൻ പോകുന്നത്. അത്തരം ഒരു സാഹചര്യം വരുമെന്ന് ഉറപ്പാണ്. എന്നാൽ അതെന്നാണെന്ന് വ്യക്തമായി പറയാൻ സാധിക്കില്ല. ഭാവിയിൽ നിങ്ങൾക്കൊരു ജോലി ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ വെറുമൊരു ഹോബി പോലെ ചെയ്യേണ്ടിവരും. എ.ഐ ലോകം കീഴടക്കാൻ പോവുകയാണ്,’ എലോൺ മസ്ക് പറഞ്ഞു.

എ.ഐ ലോകത്തെ ഉയർന്ന വരുമാനത്തിലേക്ക് എത്തിക്കുമെന്നും എ.ഐ മനുഷ്യരുടെ ജോലികൾ പൂർണമായി ഏറ്റെടുക്കുന്ന കാലം വിദൂരമല്ലെന്നും എലോൺ മസ്ക് പറഞ്ഞു.

ഇതാദ്യമായല്ല എലോൺ മസ്ക് എ.ഐയെക്കുറിച്ച് സംസാരിക്കുന്നത്. ദ്രുതഗതിയിലുള്ള എ.ഐയുടെ വളർച്ചയെക്കുറിച്ച് അദ്ദേഹം ഇതിന് മുൻപും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിക്കുകയാണ്. എ.ഐ ഉപയോഗം വർധിക്കുന്നത് തൊഴിലവസരങ്ങളെ ഏത് രീതിയിൽ ബാധിക്കുമെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. എ.ഐയെ താൻ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ജനുവരിയിൽ എം.ഐ.ടിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ ഗവേഷകർ ജോലിസ്ഥലങ്ങളിൽ ആളുകൾ എ.ഐയുടെ സഹായം കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ മനുഷ്യരുടെ സർഗാത്മകത വേണ്ട ജോലികളിലും മാനസികാരോഗ്യ രംഗത്തും ഇതിന് പ്രസക്തി കുറവാണെന്നും ഗവേഷകർ പറയുന്നുണ്ട്.

Content Highlight: New statement of Elon Musk about A.I

We use cookies to give you the best possible experience. Learn more