കേരളത്തെയും തമിഴ്‌നാടിനെയും വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പുതിയ ആവശ്യം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഏതാനും ജില്ലകള്‍ കൂട്ടിച്ചേര്‍ത്ത് ചേരനാട് എന്ന സംസ്ഥാനം രൂപീകരിക്കണമെന്നാണ് ജോര്‍ജ് വി.എസ്.ഡി.യുടെ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.
തമിഴ്‌നാട്ടിലെ ആറ് ജില്ലകളും കേരളത്തിലെ നാലര ജില്ലയും ചേര്‍ത്താണ് പി.സി. ജോര്‍ജിന്റെ ഭാവനയിലെ ചേരനാട്. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, മധുര, തേനി എന്നീ ആറു ജില്ലകളും കേരളത്തിന്റെ നാലുജില്ലകളും കോട്ടയത്തെ പകുതി പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് ചേരനാട് ഉണ്ടാക്കേണ്ടതെന്നാണ് പി.സി ജോര്‍ജ് പറയുന്നത്.
പൂഞ്ഞാറ് നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളും പാല നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളുമാണ് പുതിയ സംസ്ഥാനത്ത് വേണ്ടത്. ചുരുക്കത്തില്‍ പി.സി ജോര്‍ജിന്റെ പുതിയ സംസ്ഥാനത്ത് കെ.എം മാണിയില്ല.
ജില്ലകള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളും കോട്ടയം ജില്ലയിലെ മലയോരപഞ്ചായത്തുകള്‍, കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, മധുര, തേനി
ഭൂവിസ്തൃതി: 30341.08 സ്‌ക്വയര്‍ കിലോമീറ്റര്‍
ലോകസഭാ മണ്ഡലങ്ങള്‍: 14
നിയമസഭാ മണ്ഡലങ്ങള്‍: 80
സാംസ്‌കാരിക കേന്ദ്രങ്ങള്‍: കോവളം, കന്യാകുമാരി, ശബരിമല, വര്‍ക്കല ശ്രീനാരായണഗുരു സമാധി, പത്മനാഭസ്വാമിക്ഷേത്രം, മധുര മീനാക്ഷിക്ഷേത്രം.
നവോത്ഥാന നായകര്‍: വൈകുണ്ഠസ്വാമികള്‍, നാരായണഗുരു, അയ്യങ്കാളി, അഗസ്ത്യാര്‍മുനി, തിരുവള്ളുവര്‍
സംസ്‌കാരപ്പെരുമയും നവോത്ഥാന നായകരുടെ പൈതൃകവുമുള്ള ഒരു സംസ്ഥാനമായിരിക്കും ചേരനാടെന്നും വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് പ്രമേയം അവതരിപ്പിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പുതിയ ഒരു സംസ്ഥാനം വേണമെന്നുള്ള ഒരു ആവശ്യം ഉന്നയിക്കുക മാത്രമല്ല സംസ്ഥാനത്തിന്റെ ഭൂപടരേഖയും വിസ്തീര്‍ണവും എന്തിന് ലോകസഭാ നിയമ സഭാമണ്ഡലങ്ങള്‍ വരെ പി.സി ജോര്‍ജ് തീരുമാനിച്ചു കഴിഞ്ഞു.