വടക്കൻ കേരളത്തിന്റെ ഭംഗിയുമായി 'പൊറാട്ടുനാടക'ത്തിലെ ആദ്യഗാനം
Entertainment
വടക്കൻ കേരളത്തിന്റെ ഭംഗിയുമായി 'പൊറാട്ടുനാടക'ത്തിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 9:30 am

സംവിധായകൻ സിദ്ദിഖ് അവതരിപ്പിച്ച് എമിറേറ്റ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന ‘പൊറാട്ടുനാടകം’എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സംവിധായകൻ നാദിർഷയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ‘സിദ്ദിഖിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്ത ചിത്രത്തിന് രാഹുൽ രാജിന്റെതാണ് സംഗീതം.

നാട്ടുപാട്ടിൻ്റെ ഈണമുള്ള ‘നാഴൂരി പാല് ‘എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയത് ബി.കെ ഹരിനാരായണൻ. പാടിയിരിക്കുന്നത് രാഹുൽ രാജും സിത്താര കൃഷ്ണകുമാറും ചേർന്നാണ്. വടക്കൻ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങൾ പകർത്തിയത് നൗഷാദ് ഷെരീഫാണ്.

സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, സുനിൽ സുഗത, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, നിർമ്മൽ പാലാഴി,ബാബു അന്നൂർ, ഷുക്കൂർ വക്കീൽ,ഐശ്വര്യ മിഥുൻ, ജിജിന, ചിത്രാ ഷേണായ്, ചിത്ര നായർ , തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ‘മോഹൻലാൽ,’ഈശോ’ എന്നീ സിനിമകളുടേയും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൻ്റേയും തിരക്കഥാകൃത്തുമായ സുനീഷ് വാരനാടുമാണ്.

കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :നാസർ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രൻ, ചമയം: ലിബിൻ മോഹൻ, കല: സുജിത് രാഘവ്, പി.ആർ.ഓ : മഞ്ജൂ ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനിൽ മാത്യൂസ് പൊന്നാട്ട്,
സഹ സംവിധാനം: കെ.ജി.രാജേഷ് കുമാർ, നിർമാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, സ്റ്റിൽസ്:രാംദാസ് മാത്തൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ പ്രസൂൽ അമ്പലത്തറ.

Content Highlight: New Song In Porattu Nadakam Movie