ബിഗ് ഡോഗ്സ് എന്ന റാപ്പ് സോങിലൂടെ ലോകത്താകമാനം ആരാധകരെ സൃഷ്ട്ടിച്ച മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് തന്റെ ആദ്യ സോളോ സിംഗിള്‍ ‘റണ്‍ ഇറ്റ് അപ്പ്’ ഇന്നലെ (മാര്‍ച്ച് ഏഴ്) പുറത്തിറക്കി. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ മില്യണ്‍ കണക്കിന് വ്യൂസ് നേടാന്‍ റണ്‍ ഇറ്റ് അപ്പിന് കഴിഞ്ഞു.
ഹനുമാന്‍കൈന്‍ഡിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. കൂടാതെ എല്ലാ പ്രധാന സ്ട്രീമിങ് പ്ലാറ്റുഫോമുകളിലൂടെയും ‘റണ്‍ ഇറ്റ് അപ്പ്’ ആസ്വദിക്കാന്‍ കഴിയും. ഇതിനോടകം തന്നെ 2 .3 മില്യണ്‍ വ്യൂസ് യൂട്യൂബില്‍ ഗാനം നേടി.
ഹൈപ്പര്‍-എനര്‍ജറ്റിക് മ്യൂസിക് വീഡിയോയും ഗാനത്തോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. ബിജോയ് ഷെട്ടി സംവിധാനം ചെയ്തിരിക്കുന്ന ഈ മാസ്മരിക വിഷ്വല്‍ ട്രീറ്റില്‍ കേരളത്തിന്റെ മാര്‍ഷ്യല്‍ ആര്‍ട്ടായ കളരിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.
കേരളത്തിന്റെ സംസ്‌കാരത്തിലേക്ക് വേരൂന്നിയതാണ് ഹനുമാന്‍കൈഡ് എന്ന സൂരജ് ചെറുകാട്ടിന്റെ ‘റണ്‍ ഇറ്റ് അപ്പ്’. ചെണ്ടയുടെ താളത്തിലാണ് ഗാനം അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ കളരിപ്പയറ്റ് യോദ്ധാക്കളുടെയും, കഥകളി, തെയ്യം നര്‍ത്തകരുടെയും അതിശയിപ്പിക്കുന്ന ചുവടുകളും വീഡിയോയില്‍ ഉണ്ട്.
ബിഗ് ഡോഗ്സ് എന്ന ഗാനമിറങ്ങി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് സൂരജ് മറ്റൊരു റാപ്പുമായി എത്തുന്നത്. 2024ല്‍ സ്‌പോട്ടിഫൈയിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട ഗാനങ്ങളില്‍ ടോപ് 10ല്‍ ഇടം നേടാന്‍ ബിഗ് ഡോഗ്‌സിന് കഴിഞ്ഞിരുന്നു.
കേരളത്തിലെ പൊന്നാനിയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന റാപ്പറാണ് ഹനുമാന്‍കൈന്‍ഡ് എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന സൂരജ് ചെറുകാട്. ബെംഗളുരു ആസ്ഥാനമായുള്ള ഈ റാപ്പറുടെ ട്രാക്കായ ബിഗ് ഡോഗ്സ് ഇന്റര്‍നെറ്റില്‍ സെന്‍സേഷനാണ്. മരണകിണറിന്റെ ചുവരില്‍ ചിത്രീകരിച്ച ബിഗ് ഡോഗ്സ് എന്ന ഗാനം യൂട്യൂബില്‍ 211 മില്യണിലധികം കാഴ്ചക്കാരുമായി അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.
Content highlight: New Single of Hanumankind Run It Up is becoming sensation