ഗംഭീര മേക്കിങ്, ആദ്യം മുതല്‍ അവസാനം വരെ സസ്‌പെന്‍സ് കാത്തു, പക്ഷേ ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ല, പൊരുള്‍ എന്താണെന്നറിഞ്ഞപ്പോള്‍ നിരാശയെന്ന് ആരാധകര്‍
Entertainment
ഗംഭീര മേക്കിങ്, ആദ്യം മുതല്‍ അവസാനം വരെ സസ്‌പെന്‍സ് കാത്തു, പക്ഷേ ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ല, പൊരുള്‍ എന്താണെന്നറിഞ്ഞപ്പോള്‍ നിരാശയെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th May 2024, 8:09 pm

വെബ് സീരീസ് എന്നത് മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ യൂട്യൂബ് ചാനലാണ് കരിക്ക്. കോമഡി സീരീസുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ കരിക്ക് ഈയിടെയായി ഹ്യൂമര്‍ വിട്ട് സീരിയസ് കഥകളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഓരോ തവണ പുതിയ സീരീസുമായി വരുമ്പോഴും മേക്കിങില്‍ മികച്ച മുന്നേറ്റമാണ് കരിക്ക് ടീം കാഴ്ച വെക്കുന്നത്.

ഏറ്റവും പുതിയ സീരീസായ പൊരുളിലേക്കെത്തുമ്പോഴും മേക്കിങിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കരിക്ക് വരുത്തിയിട്ടില്ല. ഒരു ത്രില്ലര്‍ സിനിമ കാണുന്നതുപോലെയായിരുന്നു ഓരോ എപ്പിസോഡും. തോമ എന്ന കുട്ടിയുടെ തിരോധാനം നടന്ന് 27 വര്‍ഷത്തിന് ശേഷം ആ കേസിന്റെ ദുരൂഹതയിലേക്ക് കടന്നു ചെല്ലുന്ന രവി എന്ന പൊലീസുകാരനിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

അനു.കെ.അനിയന്റെ കൈയില്‍ രവി ഭദ്രമായിരുന്നു. തോമക്ക് എന്ത് സംഭവിച്ചു എന്നതിനോടൊപ്പം തന്നെ തന്റെ കുടുംബം ഇല്ലാതാകാന്‍ കാരണമായതിന്റെ പൊരുളും കൂടിയാണ് രവി അന്വേഷിക്കുന്നത്. ഓരോ ക്ലൂ ലഭിക്കുമ്പോഴും താന്‍ അന്വേഷിക്കുന്നതിലേക്കെത്തുമോ എന്ന ആകാംക്ഷ ആദ്യാവസാനം അയാളില്‍ ഉണ്ടായിരുന്നു. മറ്റ് കഥാപാത്രങ്ങളായെത്തിയ മാല പാര്‍വതി, ജയിംസ് ഏലിയ, അപ്പുണ്ണി ശശി, ആന്‍ ജമീല എന്നിവരുടെ മികച്ച പെര്‍ഫോമന്‍സും പൊരുളിനെ ഒരുപടി മുകളിലേക്കെത്തിച്ചു.

എന്നാല്‍ സീരീസ് അവസാനിച്ചപ്പോള്‍ അതുവരെ ഉണ്ടാക്കിയെടുത്ത ആകാംക്ഷ മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയതുപോലെയായി. ജയറാമിന്റെ ഹിറ്റ് ചിത്രമായ ഫ്രണ്ട്‌സിലെ ചിന്നന്റെ മരണം അതേപോലെ പകര്‍ത്തിയതു പോലെയായി. പൊരുളിന്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയതും ഈ ക്ലൈമാക്‌സാണ്.

എന്നിരുന്നാലും വെറുമൊരു സാധാരണ യൂട്യൂബ് ചാനലായി തുടങ്ങിയ കരിക്ക് ഇന്ന് ഒരു സിനിമയെ വെല്ലുന്ന തരത്തില്‍ വെബ് സീരീസ് എടുത്തത് ഈ ടീമിന്റെ വിജയമായി കണക്കാക്കാം. ഇനിയും ഇവരില്‍ നിന്ന് ഇതുപോലുള്ള ക്വാളിറ്റി സീരീസുകള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം പഴയതുപോലെ ചിരിപ്പിക്കുന്ന കുറച്ച് കണ്ടന്റുകളും.

Content Highlight: New series of Karikku Porul disappointed by its climax