| Thursday, 2nd March 2023, 11:45 am

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും വിലക്ക്; ജെ.എന്‍.യുവില്‍ 'പുതിയ നിയമം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും ധര്‍ണകള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ‘പുതിയ നിയമ’വുമായി സര്‍വകലാശാല അധികൃതര്‍. ധര്‍ണ നടത്തിയാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് 20,000 രൂപ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഘരാവോ നടത്തുകയോ അക്രമസംഭവങ്ങളില്‍ പങ്കുള്ളതായി കണ്ടെത്തുകയോ ചെയ്താല്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ റദ്ദാക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനവുായി ബന്ധപ്പെട്ട് ക്യാമ്പസില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം ഫെബ്രുവരി 3 മുതല്‍ ക്യാമ്പസില്‍ നിയമങ്ങള്‍ നടപ്പിലാക്കിയതായി അധികൃതര്‍ പുറത്തുവിട്ട ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്.

പുതിയ നിയമാവലി പ്രകാരം 17 കുറ്റങ്ങളാണ് ശിക്ഷാര്‍ഹമായി കണക്കാക്കിയിരിക്കുന്നത്. വഴിതടയല്‍, ഹോസ്റ്റലില്‍ അതിക്രമിച്ചു കയറല്‍, അസഭ്യം പറയല്‍ തുടങ്ങിയവയ്ക്കും ശിക്ഷയുണ്ട്. സര്‍വകലാശാലയിലെ പാര്‍ട് ടൈം വിദ്യാര്‍ത്ഥികള്‍ക്കും നിയമം ബാധകമാണെന്നാണ് റിപ്പോര്‍ട്ട്.

പുതുക്കിയ നിയമാവലി സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ റദ്ദാക്കുക, ബിരുദ പഠനത്തില്‍ നിന്ന് പുറത്താക്കുക, നിശ്ചിത കാലയളവിലേക്ക് രജിസ്‌ട്രേഷന്‍ നിഷേധിക്കുക, പിഴ ചുമത്തുക തുടങ്ങിയ ശിക്ഷകളാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരിക.

അതേസമയം പുതിയ നിയമങ്ങള്‍ സ്വേച്ഛാധിപത്യ സ്വഭാവമുള്ളതാണെന്നും പഴയ നിയമങ്ങള്‍ ഫലപ്രദമായിരുന്നുവെന്നും ജെ.എന്‍.യു അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത് സെക്രട്ടറി വികാസ് പട്ടേല്‍ പറഞ്ഞു.

ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ് ഉത്തരവിനോട് പ്രതികരിച്ചിട്ടില്ല.

Content Highlight: New rules in JNU, says students will be fine for conducting protests

We use cookies to give you the best possible experience. Learn more