| Saturday, 19th June 2021, 10:10 am

സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനും ഭേദഗതിയില്‍ അനുമതി നല്‍കുന്നുണ്ട്.

1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം കാണേണ്ടതും, എസ് – ഡോക്ടര്‍മാര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങള്‍ എന്നീ സര്‍ട്ടിഫിക്കേഷനുകളായിരുന്നു ഇത്.

ഇത്തരത്തില്‍ നാല് രീതിയിലാണ് നിലവില്‍ രാജ്യത്തെ എല്ലാ സിനിമകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്. ഇപ്പോള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ ഉണ്ടാകും.

ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയില്‍ തുടരും.

പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ല്‍ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട് സിനിമാലോകം കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New rules for film certification in India

We use cookies to give you the best possible experience. Learn more