തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതി; നിര്‍ദ്ദേശം വെച്ച് സംഘടന
Entertainment news
തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതി; നിര്‍ദ്ദേശം വെച്ച് സംഘടന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th July 2023, 10:47 pm

തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ).

തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു പല നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നുണ്ട്.

അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്‌നാടിന് പുറത്ത് നടത്തരുതെന്നും സംഘടനയുടെ നിര്‍ദ്ദേശമുണ്ട്. ഷൂട്ടിങ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണമെന്നും സംഘടന പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സംവിധായകന്‍ കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡില്‍ ഇതരഭാഷാ താരങ്ങളും അഭിനയിക്കാറുണ്ട്.

ബാഹുബലിക്ക് ശേഷം വളര്‍ന്ന പാന്‍ ഇന്ത്യന്‍ സിനിമാ മാര്‍ക്കറ്റില്‍ ഇതരഭാഷാ താരങ്ങളെ അഭിനയിപ്പിക്കുന്നത് ഒരു വിപണനതന്ത്രം പോലുമാണ്. തമിഴ് സിനിമയില്‍ മലയാളി അഭിനേതാക്കള്‍ പ്രാധാന്യത്തോടെ എക്കാലത്തും എത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. കൂടാതെ ഫ്രെയ്മുകള്‍ കൊഴുപ്പിക്കാന്‍ മിക്ക തമിഴ് സൂപ്പര്‍താര ചിത്രങ്ങളിലും വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. ഫെഫ്‌സിയുടെ പുതിയ നിര്‍ദേശങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമാണ് കൂടുതല്ലും ഉയരുന്നത്.

ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തവയാണ് നിര്‍ദ്ദേശങ്ങള്‍ പലതും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Content Highlight: new rule in kollywood says only tamil artists in tamil movies