ലോകത്തിലെ ഏറ്റവും മികച്ച കാര്‍ മോഡല്‍ എന്ന വിശേഷണം വാഹന പ്രേമികള്‍ ഒന്നടങ്കം നല്‍കിയിരിക്കുന്ന ഒരോയൊരു കാറാണ് റോള്‍സ് റോയ്‌സ് ഫാന്റം. ചിലപ്പോള്‍ പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് അത്യാഢംബരത്തിന്റെ അവസാന വാക്കായ ഫാന്റം കാറുകളുടെ പുതു മോഡലുകള്‍ വിപണിയില്‍ അവതരിക്കാറുള്ളത്.
1925 ല്‍ പിറന്ന ഫാന്റം കാറുകള്‍ക്ക് നൂറുവയസ് തികയാറായിരിക്കുന്ന വേളയിലാണ് തലമുറയിലെ എട്ടാമത്തെയാളിനെ റോള്‍സ് റോയ്‌സ് വിപണിയിലിറക്കുന്നത്. ഇതിന്റെ ഭാഗമായി എട്ട് മഹാഫാന്റങ്ങള്‍ എന്ന പേരില്‍ ഒരു പ്രദര്‍ശനവും കമ്പനി ഒരുക്കുകയുണ്ടായി.
പുതിയ അലുമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഏത് റോഡിലും വെള്ളത്തിലൂടെ ഒഴുകുന്ന പോലെ സ്വപ്‌നത്തിലെന്ന പോലൊരു യാത്രാനുഭവം നല്‍കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിതിയെന്ന് റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നു.
എഞ്ചിന്റെയോ വാഹനത്തിന്റെയോ ശബ്ദം യാത്രികരെ അലോസരപ്പെടുത്താതിരിക്കാന്‍ 130 കിലോഗ്രാം ഭാരത്തില്‍ ശബ്ദമില്ലാതാക്കല്‍ പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ടയര്‍ റോഡില്‍ ഉയരുന്ന ശബ്ദം പോലും കേള്‍ക്കാതിരിക്കാന്‍ 180 വ്യത്യസ്ത ടയര്‍ ഡിസൈനുകളാണ് കമ്പനി പരീക്ഷിച്ചിരിക്കുന്നത്.
563 എച്ച്.പി കരുത്തോടെ 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.1 സെക്കന്റുകള്‍ മാത്രം മതി ഫാന്റത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതിപ്പെടുത്തിയിട്ടുണ്ടെങ്കിലും റേസ് ട്രാക്ക് പോലുള്ള റോഡുകളില്‍ 290 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും.