'പ്രാക്ടിക്കല്‍ വിദ്യാഭ്യാസം ആണ് കുട്ടികള്‍ക്ക് വേണ്ടത്'; റോബോട്ട് സാധ്യതകള്‍ പഠനത്തിലുള്‍പ്പെടുത്തുന്ന പുത്തന്‍ മാതൃകയുമായി ഷാഹില്‍
Change Makers
'പ്രാക്ടിക്കല്‍ വിദ്യാഭ്യാസം ആണ് കുട്ടികള്‍ക്ക് വേണ്ടത്'; റോബോട്ട് സാധ്യതകള്‍ പഠനത്തിലുള്‍പ്പെടുത്തുന്ന പുത്തന്‍ മാതൃകയുമായി ഷാഹില്‍
ഗോപിക
Thursday, 14th June 2018, 3:51 pm

വിദ്യാഭ്യാസത്തില്‍ റോബോട്ട് സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉപയോഗപ്പെടുത്താന്‍ പുത്തന്‍ മാതൃകകളുമായി യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ ഷാഹില്‍. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ റോബോട്ടുകളെ ഉപയോഗിച്ച് വിദ്യാഭ്യാസം കൂടുതല്‍ ശാസ്ത്ര സംബന്ധിയാക്കാമെന്ന ആലോചനയാണ് ഈ ഒരു സംരംഭത്തിന് തുടക്കം കുറിച്ചതെന്നാണ് ഈ പുത്തന്‍ സംരംഭത്തിന്റെ പ്രധാനിയായ ഷാഹില്‍ ഹമീദ്  പറയുന്നത്.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ റോബോട്ടിക്‌സ് എന്നൊരു പുതിയ പഠനവിഷയം ഉള്‍പ്പെടുത്താനാണ് ഷാഹിലിന്റെ ശ്രമങ്ങള്‍. റോബോട്ടുകളെ വെച്ച് ഒരുപാട് കാര്യങ്ങള്‍ പ്രാക്ടിക്കലായി കുട്ടികള്‍ക്ക് ചെയ്യാന്‍ സാധിക്കും. മെക്കാനിക്കല്‍ പരമായും വിവര സാങ്കേതികപരമായും പല പുതിയ കാര്യങ്ങളും പഠിക്കാന്‍ കുട്ടികളെ ഇത് സഹായിക്കുമെന്നാണ് ഷാഹിലിന്റെ അഭിപ്രായം. പ്രാക്ടിക്കല്‍ നോളജ് നവീകരിക്കുക എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം

 

വിദ്യാഭ്യാസത്തിന് എപ്പോഴും പുതുമകള്‍ നല്‍കി മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രദ്ധിക്കേണ്ടത്. പഴയ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി റോബോട്ടുകള്‍ പഠന സമ്പ്രദായത്തില്‍ എത്തുന്ന രീതിയാണ് ഷാഹിലിന്റെ പുത്തന്‍ മാതൃക മുന്നോട്ടു വയ്ക്കുന്നത്. നിലവില് എറണാകുളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തില്‍ ഇപ്പോള്‍ സ്കൂളുകളില്‍ പഠിപ്പിക്കാനാവശ്യമായ റോബോട്ടുകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.


ALSO READ: ചെക്ക്‌പോസ്റ്റുകള്‍ അടച്ചുപൂട്ടിയതോടെ അതിര്‍ത്തി കടന്നെത്തുന്നത് നിരോധിത കീടനീശിനികള്‍


കുട്ടികള്‍ക്ക് വളരെ പ്രാക്ടിക്കലായി കാര്യങ്ങള്‍ അറിയാനും റോബോട്ട് സാങ്കേതിക വിദ്യകളെക്കുറിച്ചറിയാനുമാണ് ഈ സംരംഭം നിലകൊള്ളുന്നത്. ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളില്‍ റോബോട്ട് പഠനങ്ങള്‍ വ്യാപകമാക്കുകയാണ് ലക്ഷ്യം.

യു.കെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഷാഹിലിന്റെ ഈ ആശയവുമായി സഹകരിച്ച് പോകുന്നത്. നിലവില്‍ തങ്ങളുടെ പക്കലുള്ള റോബോട്ട് മാതൃകകള്‍ സ്‌കൂള്‍ തലങ്ങളില്‍ പ്രാവര്‍ത്തികമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഷാഹില്‍ പറഞ്ഞു. അവിടത്തെ ടെക്‌നോളജികളാണ് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന രീതിയില്‍ വേണ്ട പരിശീലനവും അറിവും പകര്‍ന്നു നല്‍കുകയാണ് ആദ്യഘട്ടം.

കേരളത്തിലെ സ്‌കൂളുകളില്‍ റോബോട്ടുകളെ പറ്റി പഠിപ്പിക്കാന്‍ തുനിയുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം മതിയായ പരിശീലനം നേടിയ അധ്യാപകരില്ല എന്നാണ്. അത് പരിഹരിക്കലാണ് ആദ്യ ലക്ഷ്യം. അതിന്റെ ഭാഗമായി ഈ ടെക്‌നോളജിയെ പറ്റി പഠിപ്പിക്കാന്‍ വേണ്ട അധ്യാപകരെ പ്രാപ്തരാക്കാനാണ് ആദ്യം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി റോബോട്ടുകളെ പറ്റി പഠിക്കാന്‍ താല്പര്യമുള്ള സ്‌കൂളുകളിലെ അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ സ്‌കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് ഷാഹിലിന്റെ സ്റ്റാര്‍ട്ട് അപ്പിന്റെ ഇന്‍ഹൗസ് അംഗങ്ങള്‍ നേരിട്ടെത്തി പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളുകളുടെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ഏകോപിച്ച് നടത്താനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.


ALSO READ: വിശ്വ ഹിന്ദു പരിഷത്തും ബജ്രംഗ്ദളും സി.ഐ.എയുടെ മതതീവ്ര സംഘങ്ങളുടെ പട്ടികയില്‍; ആര്‍.എസ്.എസും രാഷ്ട്രീയ സമ്മര്‍ദ്ദ സംഘടനാ പട്ടികയില്‍


ഇപ്പോള്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് റോബോട്ട് എന്ന അടിസ്ഥാന വിദ്യയെ പരിചയപ്പെടുത്തുകയാണ് ഷാഹിലിന്റെ പ്രാരംഭ ലക്ഷ്യം. എന്നാല്‍ ഭാവിയില്‍ ഈ സാങ്കേതിക വിദ്യ ഗവേഷണ വിഷയങ്ങള്‍ക്ക് വരെ ഉപയോഗിക്കേണ്ടതാണെന്നാണ് ഷാഹില്‍ പറയുന്നത്. ഇന്‍ഡസ്ട്രിയല്‍, മെഡിക്കല്‍, മേഖലയില്‍ കടക്കാനും വാണിജ്യപരമായി റോബോട്ടുകളെ ഉപയോഗിക്കാനുമുള്ള പദ്ധതികളാണ് ഭാവിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഷാഹിലിന്റെ പക്ഷം.

എറണാകുളം അടിസ്ഥാനമാക്കിയാണ് ഷാഹിലിന്റെ സ്റ്റാര്‍ട്ട് അപ്പ്. ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ള ഇവരുടെ പരിമിതമായ റോബോട്ടുകള്‍ ഉപയോഗിച്ചാണ് സ്‌കൂളുകളില്‍ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ നിരവധി സ്‌കൂളുകളില്‍ തങ്ങളുടെ മാതൃക അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ തന്നെ ഒട്ടുമിക്ക സ്‌കൂളുകളും തങ്ങളുടെ ഈ പദ്ധതിയെ പിന്തുണച്ച് മുന്നോട്ടെത്തിയിട്ടുമുണ്ട്. അത്തരത്തില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ഈ സാങ്കേതിക വിദ്യാ പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാകുന്നതെന്നും ഷാഹില്‍ പറയുന്നു.


ALSO READ: ‘തൊഴിലാളികളെ പട്ടിണിക്കിട്ട് ചന്ദ്രികയെ ഇഞ്ചിഞ്ചായി കൊല്ലുന്നവരെ തിരിച്ചറിയുക’; ചന്ദ്രികയിലെ ജീവനക്കാര്‍ സമരത്തിലേക്ക്


ഏറ്റവും സന്തോഷമുള്ള കാര്യം ഈ മാതൃക മുന്‍നിര്‍ത്തി തയ്യാറാക്കിയ ഇലക്ട്രോണിക് അവതരണങ്ങള്‍ നല്‍കിയതുമുതല്‍ എല്ലാ സ്‌കൂളുകളും വളരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. റോബോട്ടുകളെ ഏറ്റെടുത്ത് തങ്ങളുടെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായതായി ഷാഹില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഭാവിയില്‍ നിരവധി റിസര്‍ച്ച് വിഷയങ്ങള്‍ക്കും ഗവേഷണത്തിനും സാധ്യതയുള്ള വിഷയമാണ് റോബോട്ടിക്‌സ്. വിദേശ രാജ്യങ്ങളില്‍ പ്രാവര്‍ത്തികമായ റോബോട്ടിക് സാങ്കേതിക വിദ്യ പഠനത്തെ കൂടുതല്‍ പ്രാക്ടിക്കലാക്കുകയാണ് ചെയ്യുന്നത്. അതേ രീതി ഇന്ത്യയില്‍ തുടരാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഷാഹില്‍ പറഞ്ഞു.  സ്കൂളുകള്‍ക്ക് ഈ പദ്ധതിയോടുള്ള സമീപനമാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്കുന്നതെന്നാണ് ഷാഹിലിന്‍റെ അഭിപ്രായം.  ഭാവിയില്‍ നിരവധി ഗവേഷണ വിഷയങ്ങള്‍ക്കടക്കം സാധ്യതയുള്ള റോബോട്ടിക് സാങ്കേതികത കൂടുതല്‍ ജനകീയമാക്കാന്‍ കഴിയുന്ന സംരംഭം കൂടിയാണ് ഷാഹിലിന്‍റേതെന്ന് പറയാവുന്നതാണ്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.