രാജന്‍ കേസ്: മൃതദേഹം പന്നികള്‍ക്ക് തീറ്റയായി കൊടുത്തെന്ന് വെളിപ്പെടുത്തല്‍
Daily News
രാജന്‍ കേസ്: മൃതദേഹം പന്നികള്‍ക്ക് തീറ്റയായി കൊടുത്തെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th November 2014, 9:32 am

rajan കൂത്താട്ടുകുളം: അടിയന്തരാവസ്ഥക്കാലത്ത് കോളിളക്കം സൃഷ്ടിച്ച രാജന്‍ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പഴയകാല പോലീസ് ഡ്രൈവര്‍. കൊല്ലപ്പെട്ട രാജന്റെ മൃതദേഹം കൂത്താട്ടുകുളത്ത് കൊണ്ടുവന്ന് പന്നികള്‍ക്ക് തീറ്റയായി ഇട്ടു കൊടുക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തില്‍. അടിയന്തരാവസ്ഥക്കാലത്ത് കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനില്‍ കരാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബെന്നിയാണ് സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

രാജനെ അവശനാക്കി കൂത്താട്ടുകുളത്ത് എത്തിക്കുകയും പന്നി ഫാമിനോട് ചേര്‍ന്ന മാംസ സംസ്‌കരണ യൂണിറ്റായ ബേക്കണില്‍(ഇന്നത്തെ എം.പി.ഐ) വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഐസ് ചേമ്പറില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. പിന്നീട് മൃതദേഹം മുളകരക്കും പോലെ അരച്ച് പന്നികള്‍ക്ക് തീറ്റയായി നല്‍കിയിട്ടുണ്ടെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും ഡ്രൈവര്‍ വെളിപ്പെടുത്തി.

രാജനുമായി ഫാക്ടറിക്കു മുന്നിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആദ്യം തടസ്സമുന്നയിച്ചു. എന്നാല്‍, മന്ത്രിയുടെ ഉത്തരവാണെന്നു പറഞ്ഞപ്പോള്‍ അകത്തേക്ക് പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

മൃതദേഹം ഒരു തരത്തിലും കണ്ടെത്തരുതെന്നും തെളിവുകളൊന്നും അവശേഷിക്കരുതെന്നുമുള്ള ലക്ഷ്യത്തോടെയായിരിക്കാം ഇത്തരത്തില്‍ ചെയ്തതെന്നും ഡ്രൈവര്‍ പറയുന്നു. മനസ്സാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാലത്ത് തന്റെ കൊച്ചപ്പന്‍ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു. അദ്ദേഹം പറഞ്ഞാണ് കൊല്ലപ്പെട്ടത് രാജനാണെന്ന് തനിക്ക് മനസ്സിലായത്. അവശനായ രാജനെ അന്ന് എസ്.ഐ ആയിരുന്ന ഞാറക്കല്‍ ഐസകിന്റെ നിര്‍ദേശ പ്രകാരം മുതുവേലി പാലത്തിന് സമീപം വെച്ച് മറ്റ് പോലീസുകാര്‍ക്കൊപ്പം അര്‍ധരാത്രി ജീപ്പില്‍ കയറ്റിയാണ് മാംസ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ചതെന്നും ബെന്നി വെളിപ്പെടുത്തി.

1976 മാര്‍ച്ച് ഒന്നിനാണ് രാജന്‍, ജോസഫ് ചാര്‍ലി എന്നീ വിദ്യാര്‍ഥികളെ കോഴിക്കോട് റീജണല്‍ എഞ്ചിനിയറിങ് കോളേജില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോകുന്നത്. നക്‌സല്‍ ബന്ധം ആരോപിച്ചായിരുന്നു നടപടി. കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു രാജന്‍. കക്കയം പോലീസ് ക്യാമ്പിലേക്കാണ് രാജനെ കൊണ്ടുപോയതെന്ന് പറയപ്പെടുന്നു.

രാജന് ക്യാമ്പില്‍ മര്‍ദനമേറ്റുവെന്നും പിന്നീട് പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയി എന്നുമാണ് അന്ന് പ്രചരിച്ചിരുന്നത്. മൃതദേഹം എന്ത് ചെയ്തുവെന്ന് ഇതുവരെ വിവരം വെളിച്ചത്തുവന്നിട്ടില്ല.

രാജന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്റെ രാജിയിലേക്കുവരെ നയിച്ചിരുന്നു. രാജന്‍ വധക്കേസില്‍ അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ജയറാം പടിക്കലിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീലില്‍ ശിക്ഷ റദ്ദാക്കപ്പെട്ടു. രാജന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കോടതി കണ്ടെത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

രാജന്റെ പിതാവ് ഈച്ചരവാര്യര്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ച് കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയാണ് രാജന്‍ കൊലക്കേസ് സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്.