| Wednesday, 15th December 2021, 10:19 pm

ഒമിക്രോണ്‍; ഒമാനില്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും പരിപാടികള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസ്‌കറ്റ്: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ പൊതുപരിപാടികള്‍ക്കും പൊതുസ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി.

പള്ളികളിലും പൊതുസ്ഥലങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകളും മറ്റ് പൊതുപരിപാടികളും സംഘടിപ്പിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒമാന്റെ സുപ്രീംകമ്മിറ്റിയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യവും പ്രതിരോധ നടപടികളും വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്ക് വീഴ്ച സംഭവിച്ചതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു.

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ പ്രാദേശികമായും അന്തര്‍ദേശീയ തലത്തിലും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും കമ്മിറ്റി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ബുധനാഴ്ച മുതല്‍ തന്നെ നിലവില്‍ വരും.

നേരത്തെ, രാജ്യത്തെ 12 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി സംശയിക്കുന്നുണ്ടെന്ന് ഒമാന്റെ ആരോഗ്യമന്ത്രി ഡോ. അഹ്‌മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചിരുന്നു.

വിദേശത്ത് നിന്നെത്തിയ രണ്ട് ഒമാന്‍ സ്വദേശികള്‍ക്കായിരുന്നു രാജ്യത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: New restrictions in Oman as omicron spreads

We use cookies to give you the best possible experience. Learn more