ലയണല്‍ മെസി വീണ്ടും ബാഴ്‌സയിലെത്തുമോ എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച അവസാനിക്കുന്നില്ല. ശനിയാഴ്ചയാണ് പി.എസ്.ജി ജേഴ്‌സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങുക. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
മെസിയെ ടീമിലെത്തിക്കണമെങ്കില്‍ സാമ്പത്തികമായി ഒരുപാട് കടമ്പകള്‍ ഇനിയും ബാഴ്‌സക്ക് മറികടക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അത് ചെയ്ത് തീര്‍ക്കാന്‍ ടീമിന് കഴിയുമോ എന്ന കാര്യത്തിലാണ് സംശയമുള്ളത്. അതിനിടയില്‍ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം മെസി തന്നെ വരും ദിവസങ്ങളില്‍ പുറത്തുവിടും എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
എന്നാല്‍ വിഷയത്തില്‍ ഉടന്‍ മെസിയൊരു തീരുമാനത്തിലെത്തരുത്, തങ്ങള്‍ക്ക് കുറച്ചുകൂടി സമയം വേണം എന്ന് ആവശ്യപ്പെടുകയാണ് ബാഴ്‌സലോണ. ഒരാഴ്ചയാണ് ബാഴ്‌സ മെസിക്ക് നല്‍കിയ സമയമെന്നും സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ചൊവ്വാഴ്ചയോട് കൂടി തങ്ങളുടെ പ്ലാനുകള്‍ ലാ ലിഗ അംഗീകരിക്കുമെന്നാണ് ബാഴ്‌സ വിശ്വസിക്കുന്നതെന്നും അങ്ങനെയെങ്കില്‍ മെസിയെ ടീമിലെത്താക്കാനാകുമെന്നും ക്ലബ്ബ് വിശ്വസിക്കുന്നു.
അതേസമയം, ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്.
400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.