| Thursday, 23rd March 2023, 11:13 am

'പുതിയ റിപ്പോര്‍ട്ട് ഉടന്‍'; പ്രഖ്യാപനവുമായി ഹിന്‍ഡന്‍ബര്‍ഗ്; ആരെക്കുറിച്ചെന്ന് ഉറ്റുനോക്കി ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക് സിറ്റി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തലവര മാറിയ ഗൗതം അദാനിക്ക് പുറകെ അടുത്ത റിപ്പോര്‍ട്ട് ഉടന്‍ വരുമെന്ന പ്രഖ്യാപനവുമായി ഹിന്‍ഡന്‍ബര്‍ഗ്. ട്വിറ്ററിലൂടെയായിരുന്നു പുതിയ റിപ്പോര്‍ട്ടിന്റെ കാര്യം കമ്പനി പങ്കുവെച്ചത്.

പുതിയ റിപ്പോര്‍ട്ട് ആരെക്കുറിച്ചാണെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യണ്‍ ഡോളറില്‍ നിന്ന് ഞൊടിയിടയിലാണ് അദാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറായി ചുരുങ്ങിയത്. ഫോര്‍ബ്‌സിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 35 പേരുടെ പട്ടികയില്‍ നിന്ന് അദാനി പുറത്താക്കപ്പെടുന്നതും ഇതിന് പിന്നാലെയായിരുന്നു.

120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അദാനി ഓഹരികള്‍ക്ക് ഇതോടെയുണ്ടായത്.

പുതിയ റിപ്പോര്‍ട്ട് ഉടന്‍ വരുമെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഏത് ഗ്രൂപ്പിനെതിരെയായിരിക്കും അതെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇത്തവണ ഇന്ത്യക്കാരനാകാതിരിക്കട്ടെയെന്നും ചൈനീസ് കമ്പനിക്കെതിരെ അന്വേഷണം നടത്തൂയെന്നും തുടങ്ങി നിരവധി പേരാണ് ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിപണിയിലെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അദാനിക്കെതിരായ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തിലേക്കായിരുന്നു കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവാദത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാതായതോടെ സംശയങ്ങള്‍ വീണ്ടും മുറുകി. 2014ല്‍ 50,000 കോടിയുടെ ആസ്തിയുണ്ടായിരുന്നിടത്ത് നിന്നും 2019ല്‍ ഒരു ലക്ഷം കോടിയുടെ ആസ്തിയുണ്ടായതിന്റെ പിന്നിലെ മാജിക്ക് എന്താണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

Content Highlight: New report soon says Hindenburg

We use cookies to give you the best possible experience. Learn more