പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യദിവസങ്ങളില്‍ പ്രതിദിനം 25000 പേര്‍ക്ക് ദര്‍ശനാനുമതി. പമ്പാ സ്‌നാനത്തിന് അനുമതി നല്‍കാനും ഇന്ന് ചേര്‍ന്ന ഉന്നതതല അവലോകനസമിതി യോഗത്തില്‍ തീരുമാനമായി.
എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും യോഗത്തില്‍ പറഞ്ഞു. 10 വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്കും പ്രവേശനം അനുവദിക്കും.
രജിസ്‌ട്രേഷന്‍ ബുക്കിംഗ് വര്‍ധിപ്പിക്കാനും വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു അവലോകനസമിതി യോഗം ചേര്‍ന്നത്.
തീര്‍ഥാടനകാലത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്.
ബുക്കിംഗ് ചെയ്യാതെ ഏതെങ്കിലും തീര്‍ഥാടകര്‍ വന്നാലും സ്‌പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി സന്നിധാനത്തേക്ക് പ്രവേശനമനുവദിക്കാനും തീരുമാനിച്ചു.
നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ രീതിയില്‍ തന്നെ നടപ്പാക്കും. അഭിഷേകം ചെയ്ത നെയ്യ് തീര്‍ഥാടകര്‍ക്ക് കൊടുക്കുന്നതിന് ദേവസ്വംബോര്‍ഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ലാത്ത കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കുമെന്നും യോഗത്തില്‍ ധാരണയായി.
മുതിര്‍ന്ന തീര്‍ഥാടകര്‍ക്ക് രണ്ട് ഡോസ് വാക്‌സിനോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. കോവിഡ് മുക്തരില്‍ അനുബന്ധരോഗങ്ങളുള്ളവര്‍ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദര്‍ശനത്തിന് വരാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ പോകാന്‍ മാത്രമേ അനുമതിയുള്ളൂ. മന്ത്രിമാരായ വീണ ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു, റോഷി അഗസ്റ്റിന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.