| Monday, 19th August 2019, 8:03 pm

പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്; രാജ്യത്തെ സാമ്പത്തിക രംഗം ഗുരുതര പ്രതിസന്ധിയിലെന്നും രഘുറാം രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം അതീവ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഊര്‍ജ്ജ മേഖലയിലും ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലുമുള്ള പ്രതിസന്ധികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞു.

‘സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്.’- രഘുറാം രാജന്‍ സി.എന്‍.ബി.സി ടിവി 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിരുന്നു. 2014-15 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലും താഴെയായിരിക്കുമെന്നാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.

വാഹന വ്യവസായ മേഖല കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. റിയല്‍ എസ്റ്റേറ്റ് മേഖലയും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.

‘എല്ലാ തരം ബിസിനസുകാരും ആശങ്കാകുലരാകുന്നതും എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് പറയുന്നതും നമുക്ക് കാണാം. പുതിയ പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ ആവശ്യമാണ്. ഇന്ത്യ എങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അതിനിത് ആവശ്യമാണ്.’- അദ്ദേഹം പറഞ്ഞു.

2008 ലെ ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയും ചൈനയും ഈ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. 2008 ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊരു കടുത്ത സാമ്പത്തിക തകര്‍ച്ച പ്രവചിക്കാനാവില്ലെന്നും അതുണ്ടായാല്‍ പലവഴികളിലൂടെയാവും അത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2008 ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരെ പ്രയോഗിക്കാന്‍ നില്‍ക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മപ്പെടുത്തി.

We use cookies to give you the best possible experience. Learn more