തിരുവനന്തപുരം: കെ.എസ്.യുവില്‍ പുതിയ പരിഷ്‌കാരം. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഭാരവാഹികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനും അല്ലാത്തവരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുമാണ് തീരുമാനം. എന്‍.എസ്.യു.ഐ നേതൃത്വമാണ് ഇതുസംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
45 ദിവസത്തെ പ്രവര്‍ത്തനമാണ് വിലയിരുത്തുക. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, കണ്‍വീനര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തീരുമാനം എടുക്കുക. എന്‍.എസ്.യു.ഐയുടെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹിയായി കനയ്യ കുമാര്‍ വന്നതിന് ശേഷമാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്.
രണ്ടാംഘട്ട പുനസംഘടനയുടെ ഭാഗമായാണ് പുതിയ പരിഷകാരം. എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങാനിരിക്കുന്ന പുതിയ പരിഷ്‌കാരത്തിന് കേരളത്തില്‍ നിന്നും തുടക്കമിടാനാണ് തീരുമാനം. എന്നാല്‍ സംസ്ഥാനത്തെ കെ.എസ്.യു നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പുതിയ പരിഷ്‌കാരത്തില്‍ അതൃപ്തിയുണ്ട്. കേരളം പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ പറ്റിയ സംസ്ഥാനമല്ലെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.
ജില്ലാ, ബ്ലോക്ക് തല പുനസംഘടനയിലും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ പ്രസിഡന്റുമാര്‍ അധ്യക്ഷനായും സംസ്ഥാന ഭാരവാഹികള്‍ അംഗങ്ങളായുമുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി ദേശീയ കമ്മിറ്റിക്ക് നല്‍കേണ്ടത്. ഭാരവാഹികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ ആഗസ്റ്റ് പത്താം തിയതി വരെ അപേക്ഷ സമര്‍പ്പിക്കാം.