പോപ്പ് സംഗീത ലോകത്ത് തന്റെ പാട്ടുകള്‍ കൊണ്ട് വലിയ ആരാധകരെ ഉണ്ടാക്കിയെടുത്ത പാട്ടുക്കാരിയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് (taylor swift). ടെയ്‌ലറിന്റ ആരാധകര്‍ പൊതുവെ അറിയപ്പെടുന്നത് ‘സ്വിഫ്റ്റീസ് (swifties)’ എന്നാണ്. തന്റെ ഓരോ ആല്‍ബങ്ങള്‍ പുറത്തു വരുമ്പോഴും, അതിലെ പാട്ടുകള്‍ കൊണ്ട് സ്വിഫ്റ്റീസിനെയും മറ്റു പോപ്പ് ആരാധകരെയും ആകര്‍ഷിക്കാനും വിവിധ റെക്കോഡുകള്‍ കീഴടക്കാനും ടെയ്‌ലറിന് സാധിക്കാറുണ്ട്. ടെയ്‌ലറിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ സന്തോഷമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.
പോപ്പ് വേള്‍ഡില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. യു.എസ് ഐട്യൂണ്‍ ചാര്‍ട്ട് ഡാറ്റയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് അനുസരിച്ച് യു.എസ് ഐട്യൂണ്‍ ചാര്‍ട്ടില്‍ ടെയ്‌ലറിന്റെ 61 പാട്ടുകളാണ് ഇതുവരെ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
ഇതോടെ ഐട്യൂണ്‍ ചാര്‍ട്ടിലെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നേടിയ സിങ്ങറായി ടെയ്‌ലര്‍ സ്വിഫ്റ്റ് മാറി. നിലവില്‍ യു.എസ് ഐട്യൂണ്‍ ചാര്‍ട്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ടെയ്‌ലറിന്റെ ‘ക്രുവല്‍ സമ്മറി (cruel summer)’ന്റെ ആല്‍ബം വേര്‍ഷനും സിംഗിള്‍ വേര്‍ഷനുമാണ്. ടെയ്‌ലറിന്റെ ഏഴാമത്തെ സ്റ്റുഡിയോ ആല്‍ബമായ ‘ലവറി (lover)’ല്‍ ഉള്‍പ്പെടുന്ന പാട്ടാണ് ഇത്.
ഇതിനിടയില്‍ ടെയ്‌ലര്‍ തന്റെ ‘ക്രുവല്‍ സമ്മര്‍’ ഗ്രാമി അവാര്‍ഡിന് പരിഗണിക്കാന്‍ വേണ്ടി നല്‍കാത്തത് ആരാധകരില്‍ വലിയ നിരാശ ഉണ്ടാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പാട്ട് ഇറങ്ങിയത് മുതല്‍ ഒരുപാട് പോസിറ്റീവായ അഭിപ്രായങ്ങള്‍ ടെയ്‌ലറിനെ തേടി എത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ ഏതൊരു പാട്ടും ഗ്രാമി അവാര്‍ഡിന് പരിഗണിക്കുമെന്നുള്ളത് കൊണ്ട് ഈ പാട്ടും ഗ്രാമി അവാര്‍ഡിന്റെ പരിഗണനയില്‍ വരുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രുവല്‍ സമ്മറിന് പകരം ടെയ്‌ലര്‍ തന്റെ ‘ആന്റി ഹീറോ (anti hero) എന്ന പാട്ടാണ് ഗ്രാമി നോമിനേഷനില്‍ അയച്ചിട്ടുള്ളത്.