Film News
ഉണ്ണി മുകുന്ദനോ കൊലയാളി; ആകാംക്ഷയിലാക്കി ട്വല്‍ത്ത് മാന്‍ പ്രമോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 16, 03:04 pm
Monday, 16th May 2022, 8:34 pm

ദൃശ്യം 2 വിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ട്വല്‍ത്ത് മാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

ചിത്രത്തിന്റെ ഒരു പ്രമോഷന്‍ കൂടി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. തോക്കിലേക്ക് ബുള്ളറ്റ് ഇടുന്ന ഉണ്ണി മുകുന്ദനെയാണ് പ്രമോയില്‍ കാണിക്കുന്നത്. ‘ഇവനാണോ? നിഗൂഢതയുടെ ചുരുളഴിയാന്‍ കാത്തിരിക്കൂ,’ എന്ന ക്യാപ്ഷനോട് കൂടെയാണ് പ്രമോ പുറത്ത് വിട്ടിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ഡയറക്ടായാണ് ചിത്രം റിലീസ് ചെയ്യുന്നത്. മെയ് 20ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആരംഭിച്ചത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അതേസമയം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇനി മോഹന്‍ലാലിന്റെതായി പുറത്ത് വരാനിരിക്കുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന എലോണ്‍, വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി പുറത്തെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

ഒ.ടി.ടിക്കു വേണ്ടി ചെയ്യുന്ന സിനിമകളെന്നാണ് ഈ ചിത്രങ്ങളെക്കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മരക്കാര്‍ പ്രൊമോഷന്‍ സമയത്ത് മോഹന്‍ലാല്‍ പറഞ്ഞത്.

ആറാട്ട് ആയിരുന്നു മോഹന്‍ലാലിന്റെ അവസാനമെത്തിയ തിയറ്റര്‍ റിലീസ്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായെത്തിയ കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരുന്നു ഈ ചിത്രം. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒ.ടി.ടി റിലീസും ചെയ്തിരുന്നു.

Content Highlight: new promo video of unni mukundan from 12th man movie starrinh mohanlal