|

20 സെക്കന്റില്‍ മുള്‍മുനയില്‍ നിര്‍ത്തി സോണി ലിവിന്റെ പുഴു പ്രമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുഴുവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ പ്രേക്ഷകരുടെ ആകാംക്ഷ ഉയര്‍ന്നിരുന്നു.

മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ ഏറ്റുന്നത്. സോണി ലിവിലൂടെ മെയ് 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് സോണി ലിവ് പുറത്ത് വിട്ട പ്രമോ ശ്രദ്ധ നേടുകയാണ്.

കേവലം 20 സെക്കന്റ് മാത്രം നീണ്ടുനില്‍ക്കുന്ന മൂന്ന് പ്രമോ വീഡിയോകളാണ് സോണി ലിവ് പുറത്ത് വിട്ടിരിക്കുന്നത്.  പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞിരുന്നത്.

നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.

രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

Content Highlight: new promo of puzhu movie starring mammootty and parvathy released by sony live