[] ദുബായ്: തൊഴില്‍തേടി എത്തുന്നവര്‍ക്ക് നിശ്ചിതയോഗ്യതയും തൊഴില്‍പരിചയവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ. സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. വ്യവസ്ഥകള്‍ താമസിയാതെ നിലവില്‍വരും. നിര്‍മാണമേഖലയിലും മറ്റും ജോലി തേടുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
തൊഴിലിനായി യു.എ.യിലേക്ക് പോവുന്നതിനു മുമ്പ് വിദ്യാഭ്യാസം, തൊഴില്‍പരിചയം എന്നിവ സംബന്ധിച്ച രേഖകള്‍ അതത് രാജ്യത്ത് വെച്ചു തന്നെ യു.എ.ഇ അംഗീകൃത സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നു.
യു.എ.യിലെ തൊഴില്‍ രംഗത്തെ ആധുനിക സംവിധാനങ്ങള്‍ സ്വന്തം നാട്ടില്‍ നിന്ന് തന്നെ പരിശീലിക്കാനുള്ള സംവിധാനവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പാക്കും.
ഇത്തരം ഏജന്‍സികളുടെ സാക്ഷ്യപത്രം ലഭിക്കുന്നവര്‍ക്ക് മാത്രമേ മേലില്‍ യു.എ.ഇ.യിലെ തൊഴിലിടങ്ങളില്‍ എത്തിപ്പെടാനാവൂ എന്ന് ഉറപ്പുവരുത്തും. അതത് രാജ്യങ്ങളിലെ യു.എ.ഇ.യുടെ എംബസികളായിരിക്കും ഇത്തരം ഏജന്‍സികളെ നിശ്ചയിക്കുന്നത്.
ശരിയായ യോഗ്യതയുള്ളവരെയും തൊഴില്പരിചയമുള്ളവരെയും കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇപ്പോള്‍ റെസിഡന്റ് വിസ നല്‍കുമ്പോഴാണ് യു.എ.ഇ. ഗവണ്മെന്റ് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. പുതിയ വ്യവസ്ഥ വന്നാല്‍ നാട്ടില്‍ നിന്നുതന്നെ ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാവും.