സില്‍ക്ക് സ്മിതയും നാനിയും ഒരേ ഫ്രെയ്മില്‍; ശ്രദ്ധ നേടി ദസറയുടെ പുതിയ പോസ്റ്റര്‍
Film News
സില്‍ക്ക് സ്മിതയും നാനിയും ഒരേ ഫ്രെയ്മില്‍; ശ്രദ്ധ നേടി ദസറയുടെ പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th August 2022, 1:04 pm

നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാവുന്ന ദസറയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 30നാണ് ദസറയുടെ റിലീസ്. ഇതിനോടനുബന്ധിച്ച് പുറത്ത് വിട്ട പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. അന്തരിച്ച തെന്നിന്ത്യന്‍ നായിക സില്‍ക്ക് സ്മിതയുടെ ഛായാചിത്രത്തിന് മുമ്പിലാണ് നാനി ഇരിക്കുന്നത്. നാനി പോസ്റ്റര്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.

വേറിട്ട ലുക്കിലാണ് നാനി ചിത്രത്തിലെത്തുന്നത്. പുഷ്പക്ക് വേണ്ടി അല്ലു അര്‍ജുന്‍ നടത്തിയ മേക്കോവറിനോടാണ് നാനിയുടെ മാറ്റത്തെ പലരും ഉപമിക്കുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

കീര്‍ത്തി സുരേഷാണ് ഈ നാടന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറില്‍ നായികയായി എത്തുന്നത്. നേരത്തെ പുറത്തിറക്കിയ സ്പാര്‍ക്ക് ഓഫ് ദസറ എന്ന ടീസര്‍ സോഷ്യല്‍ മീഡിയകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.

നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ദസറ നിര്‍മിക്കുന്നത്.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ഐ.എസ്.സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം നാനിയുടെ കരിയറിലെ തന്നെ വമ്പന്‍ ചിത്രമാണ്.

വിവേക് ആത്രേയ സംവിധാനം ചെയ്ത അണ്ടേ സുന്ദരാനികിയാണ് ഒടുവില്‍ റിലീസ് ചെയ്ത നാനിയുടെ ചിത്രം. നസ്രിയ ആയിരുന്നു ചിത്രത്തില്‍ നായിക.

Content Highlight: New poster of Dasara movie with nani and silk smitha grabs attention