| Saturday, 1st October 2016, 3:31 pm

പുതിയ പാര്‍ട്ടി പ്രഖ്യാപനം ഒരുമാസത്തിനകം; ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ഇറോം ഷര്‍മിള

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിപ്പൂരില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നും ഇറോം ഷര്‍മിള വ്യക്തമാക്കി. 


ന്യൂദല്‍ഹി: പുതിയ രാഷ്ട്രീയ പാര്‍ട്ടി ഒരുമാസത്തിനകം പ്രഖ്യാപിക്കുമെന്നു മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ഷര്‍മിള. ദല്‍ഹിയില്‍നിന്നു മണിപ്പൂരില്‍ തിരിച്ചെത്തിയാലുടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. മണിപ്പൂരില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്നും ഇറോം ഷര്‍മിള വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് ഇറോം പറഞ്ഞു. മനോരമ ന്യൂസിനനുവദിച്ച അഭിമുഖത്തിലായിരുന്നു ഇറോം ഷര്‍മിള ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒറ്റയ്ക്ക് മല്‍സരിച്ച് അധികാരത്തിലെത്താന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ഇറോം പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങളാണ് തന്റെ കരുത്തെന്ന് ഇറാം അടിയുറച്ചു വിശ്വസിക്കുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ കിരാത നിയമമായ അഫ്‌സ്പ പിന്‍വലിപ്പിക്കാനുള്ള കരുത്ത് മണിപ്പൂരില്‍ അധികാരത്തിലെത്തിയാല്‍ കൂടും. അഫ്‌സ്പ പിന്‍വലിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെങ്കിലും അധികാരികളില്‍ സമ്മര്‍ദം ശക്തമാക്കാന്‍ മണിപ്പൂരിലെ അധികാരം കരുത്തുപകരുമെന്ന് ഇറോം ഷര്‍മിള വ്യക്തമാക്കി.

അഫ്‌സ്പ പിന്‍വലിപ്പിക്കുന്നതിനു ലോകത്തിലെ മുഴുവന്‍ സ്ത്രീകളുടെ പിന്തുണയും ഇറോം അഭ്യര്‍ഥിക്കുന്നു. ഇതിനായി ആഗോള സ്ത്രീ സമൂഹത്തിന്റെ ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്കു നിവേദനം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

സായുധസേനാ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേകാധികാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പതിനാറുവര്‍ഷം മുന്‍പ് ഇറോം ഷര്‍മിള ആരംഭിച്ച സമരത്തിന്റെ വേദി ഇനി നിയമസഭ തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് ഇറോമിന്റെ പദ്ധതി.

We use cookies to give you the best possible experience. Learn more