പാസ്‌പോര്‍ട്ടുകള്‍ ഇനി കൂടുതല്‍ സുരക്ഷയോടെ
India
പാസ്‌പോര്‍ട്ടുകള്‍ ഇനി കൂടുതല്‍ സുരക്ഷയോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2013, 12:54 pm

passport

ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് പുതിയ മുഖം. കൂടുതല്‍ സുരക്ഷിത സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ട് ആളുകള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.ജെ ശ്രീനിവാസന്‍ പറഞ്ഞു.

പുതിയ പാസ്‌പോര്‍ട്ടിന്റെ പ്രിന്റിങ് ജോലികള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കും. കുറ്റവാളികളും ക്രിമിനലുകളും വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നത് പരമാവധി തടയുന്നതിന്റെ ഭാഗമായാണ് പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറായത്.[]

റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസാണ് രാജ്യത്ത് പുതിയ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നത്. മുന്‍വശത്തെ കവര്‍ പേജില്‍ അടിച്ചിരുന്ന വ്യക്തിവിവരങ്ങള്‍ ഇനി മുതല്‍ ഡോക്യൂമെന്റിന്റെ ഒന്നാമത്തെ പേജിലേക്ക് മാറ്റിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടിന്റെ ഉടമയുടെ ഫോട്ടോ പാസ്‌പോര്‍ട്ട് നമ്പറിനെ താഴെയായാണ് ഇനി വരുക. ഫോട്ടോയ്ക്ക് വലത് വശത്തായി ഉടമയുടെ മങ്ങിയ ചിത്രവും ഉണ്ടായിരിക്കും. ഒന്നാമത്തെ പേജിലുണ്ടായിരുന്ന റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഒപ്പും സീലും മുന്‍വശത്തെ ഇന്നര്‍ കവറിലേക്ക് മാറ്റിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടിലുള്ള വ്യക്തിയുടെ കുടുംബവിവരങ്ങള്‍, അതായത് അച്ഛന്റെ പേര്, അമ്മയുടെ പേര്, ഭാര്യയുടെ പേര് അഡ്രസ് എന്നിവ പുറകിലെ ഇന്നര്‍ കവറില്‍ നിന്നും പാസ്‌പോര്‍ട്ടിന്റെ അവസാനത്തേതിന് തൊട്ടുമുന്‍പുള്ള  35ാം പേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇങ്‌ജെറ്റ് പ്രിന്റര്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതിനാല്‍ തന്നെ വ്യാജപാസ്‌പോര്‍ട്ട് നിര്‍മിക്കുന്ന കുറ്റവാളികള്‍ക്ക് അത് എളുപ്പം പകര്‍ത്താന്‍ സാധിക്കാതെ വരും.

അതുമാത്രമല്ല മുന്‍പുള്ള പാസ്‌പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടിന്റെ ഉടമയുടെ ഫോട്ടോയ്ക്കും വലിയ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി പുറത്തിറങ്ങുന്ന പുതിയ പാസ്‌പോര്‍ട്ടില്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചിരിക്കുമെന്നും ഡോ.ശ്രീനിവാസന്‍ അറിയിച്ചു.

നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് അതിന്റെ കാലാവധി തികയ്ക്കുന്നതുവരെ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.