ചെന്നൈ: തമിഴക വെട്രികഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പുതിയ പാര്‍ട്ടി തുടങ്ങുന്നവര്‍ ആഗ്രഹിക്കുന്നത് ഡി.എം.കെയെ തകര്‍ക്കണമെന്നാണെന്നായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. സ്വന്തം മണ്ഡലമായ കൊളത്തൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആര് പുതിയ പാര്‍ട്ടി തുടങ്ങിയാലും ഡി.എം.കെയെ തകര്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഡി.എം.കെയുടെ വളര്‍ച്ച അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘രാഷ്ട്രീയത്തിലേക്ക് കടക്കുന്ന പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഡി.എം.കെയെ രാഷ്ട്രീയമായി എതിര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഡി.എം.കെ.യുടെ വളര്‍ച്ചയില്‍ അവര്‍ അസൂയപ്പെടുന്നു. തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പുതുമുഖങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. അവര്‍ നാല് വര്‍ഷത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണണമെന്നാണ് പറയാനുള്ളത്,’ സ്റ്റാലിന്‍ പറഞ്ഞു.
തങ്ങളുടെ സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കാനാണ് താത്പര്യമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുയോഗത്തിലും പിന്നാലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും ഡി.എം.കെയെ കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണം.