| Tuesday, 11th November 2014, 10:43 pm

ജി.കെ വാസന്റെ പുതിയ പാര്‍ട്ടി നവംബര്‍ 28 ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് മുന്‍ നേതാവ് ജി.കെ വാസന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി നവംബര്‍ 28 ന് നിലവില്‍ വരും. ചെന്നൈയില്‍ നടന്ന പാര്‍ട്ടി അനുഭാവികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് വാസന്‍ പ്രഖ്യാപനം നടത്തിയത്. ഇരുപത്തിയെട്ടാം തിയ്യതി തിരുച്ചിറ പള്ളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ആദര്‍ശം, നയം എന്നിവയെല്ലാം വ്യക്തമാക്കപെടുമെന്നാണ് കരുതുന്നത്. പുതിയ പാര്‍ട്ടിയുടെ ചിഹ്നം സൈക്കിള്‍ ആയിരിക്കുമെന്നും സൂചനയുണ്ട്.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കുന്ന രൂപത്തിലായിരിക്കും പാര്‍ട്ടിയുടെ രൂപീകരണമെന്ന് വാസന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ മൂന്നാം തിയ്യതിയായിരുന്നു വാസന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തമിഴ്‌നാട് കോണ്‍ഗ്രസ് പിളര്‍ത്തിക്കൊണ്ട് പുറത്ത് വന്നിരുന്നത്. കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റും ആരോപിച്ചായിരുന്നു വാസന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് വന്നിരുന്നത്. കൂടാതെ സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതയും പിളര്‍പ്പിനു കാരണമായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്.

തമിഴ് മാനില കോണ്‍ഗ്രസ് എന്ന പേര് തന്നെയായിരിക്കും (ടി.എം.സി) പാര്‍ട്ടിയുടെ പേരെന്ന് കരുതപെടുന്നു. 1996 ല്‍ വാസന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.കെ മൂപ്പനാരുടെ നേതൃത്വത്തില്‍ രൂപീകൃതമായതിന് ശേഷം 2001ല്‍ വീണ്ടും കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more