| Friday, 21st January 2022, 8:28 am

സ്റ്റീലിനും ഇലക്ടോണിക് ഉപകരണങ്ങള്‍ക്കും വില കൂടി; സെന്‍ട്രല്‍ വിസ്തയിലെ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാക്കാന്‍ 282 കോടി കൂടി അധികച്ചെലവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിലെ പാര്‍ലമെന്റ് മന്ദിരത്തിനായി ഇനിയും 282 കോടി രൂപ കൂടി വേണ്ടി വരും. 20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 971 കോടി രൂപയാണ്. ഇതിലാണ് ഇപ്പോള്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

സ്റ്റീലിനും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വില കൂടിയതാണ് പദ്ധതിക്കായി ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2020 ഡിസംബറിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ 40 ശതമാനം പണി ടാറ്റ പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആധുനിക സജ്ജീകരണത്തോടെ ഒരുങ്ങുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലേയും എം.പിമാരുടെ സീറ്റിനു മുന്നില്‍ ടാബ്‌ലെറ്റുകള്‍ ഉണ്ടായിരിക്കും. ഉന്നതനിലവാരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ മീറ്റിംഗ് റൂമുകളിലും മന്ത്രിമാരുടെ ചേംബറുകളിലും ഉണ്ടാവും.

നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദേശീയപ്രാധാന്യമുള്ള പദ്ധതിയാണെന്ന് അറിയിച്ചതോടെ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി മാറ്റുകയായിരുന്നു.

പദ്ധതിചെലവിനാവശ്യമായ തുക ലഭിക്കാന്‍ ഇനി ലോക്‌സഭാസെക്രട്ടേറിയേറ്റിന്റെ അംഗീകാരം ലഭിക്കണം. ഈ മാസമാദ്യം തുക ലഭിക്കുന്നതിനുള്ള പ്രാഥമിക അംഗീകാരം നേടിയെടുത്തിരുന്നു. ഈ വര്‍ഷം ഒക്ടോബറോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിലെ ആധുനിക സൗകര്യങ്ങളുടെ കുറവ് പരിഗണിച്ചാണ് പുതിയ കെട്ടിട സമുച്ചയത്തിന് രൂപകല്പന നല്‍കിയത് എന്നാണ് സര്‍ക്കാര്‍ വാദം.

നിലവിലെ പാര്‍ലമെന്റ് മന്ദിരം ഇടുങ്ങിയതാണെന്നും ഇരുസഭകളിലേയും സീറ്റിംഗ് കപ്പാസിറ്റി കവിഞ്ഞുവെന്നും പല എം.പിമാരും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ കെട്ടിടത്തിന് ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി ഇല്ലെന്നും അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Conte nt Highlight: new-parliament-cost-shoots-up-by-29-per-cent-to-over-1-250-crore

We use cookies to give you the best possible experience. Learn more