ന്യൂദൽഹി: പുതിയ പാർലമെന്റിനെ ഔദ്യോഗിക പാർലമെന്റ് മന്ദിരമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ദിരത്തിലെ അത്യാധുനിക സംവിധാനങ്ങളിലേക്ക് കൂടി ഉറ്റുനോക്കുകയാണ് രാജ്യം. പഴയ കെട്ടിടത്തിലെ അവസാന പ്രഭാഷണത്തിൽ പഴയ പാർലമെന്റ് മന്ദിരം ഇനി മുതൽ സംവിധാൻ സദൻ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബിൽ ഇന്ന് അവതരിപ്പിക്കും. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ ബിൽ ആയിരിക്കും ആദ്യം അവതരിപ്പിക്കുക.
ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടം 64,500 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുണ്ട്. 888 അംഗങ്ങൾക്ക് ലോക്സഭാ ചേമ്പറിലും 300 അംഗങ്ങൾക്ക് രാജ്യസഭാ ചേമ്പറിലും ഇരിക്കാനുള്ള സംവിധാനമുണ്ട്. നിലവിലെ അംഗസംഖ്യയിൽ നിന്ന് എത്രയോ അധികമാണ് ഇത്. ഇതിനെ തുടർന്ന് മണ്ഡലങ്ങളുടെ എണ്ണം കൂട്ടാൻ ബി.ജെ.പി പദ്ധതിയിടുന്നതായി മുമ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇരു സഭകളിലും ഒരു ബെഞ്ചിൽ രണ്ട് എം.പിമാർക്ക് ഇരിക്കാൻ സാധിക്കും. ഓരോ എം.പിക്കും ഡെസ്കിൽ ടച്ച് സ്ക്രീനുകൾ ഉണ്ടാകും.
രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിൽ നിന്നാണ് നിർമാണ സാമഗ്രികൾ എത്തിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് തേക്ക് കൊണ്ടുവന്നത്. ചെങ്കല്ല് രാജസ്ഥാനിലെ സർമാതുരയിൽ നിന്നും ഉരുക്ക് കേന്ദ്ര ഭരണപ്രദേശമായ ദാമൻ ആൻഡ് ദിയുവിൽ നിന്നുമാണ് കൊണ്ടുവന്നത്.
മുംബൈയിൽ നിന്നാണ് പുതിയ കെട്ടിടത്തിലെ ഫർണിച്ചറുകൾ പണിതത്.
കെട്ടിട നിർമാണത്തിനുള്ള എം. സാൻഡ് എന്ന മണൽ ഹരിയാനയിൽ നിന്നാണ് എത്തിച്ചത്. വെള്ള മാർബിൾ രാജസ്ഥാനിലെ അംബാജിയിൽ നിന്ന് എത്തിച്ചപ്പോൾ ചുവന്ന ഗ്രാനൈറ്റ് കൊണ്ടുവന്നത് അജ്മീറിനടുത്തുള്ള ലാഖയിൽ നിന്നാണ്.
പുതിയ ലോക്സഭാ ചേമ്പറിന് ദേശീയ പക്ഷിയായ മയിലിന്റെ തീം ആണ് നൽകിയിട്ടുള്ളത്. ചുമരുകളിലും മേൽക്കൂരയിലും മയിൽപ്പീലി ഡിസൈനുകൾ വരച്ചിട്ടുണ്ട്. ദേശീയ പുഷ്പമായ താമര തീം ആക്കിയാണ് രാജ്യസഭ ഡിസൈൻ ചെയ്തിരിക്കുന്നത്.
Content Highlight: New parliament building; Advanced technologies including touch screen in desk and ultrasonic humidifier