ന്യൂദൽഹി: പുതിയ പാർലമെന്റിനെ ഔദ്യോഗിക പാർലമെന്റ് മന്ദിരമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മന്ദിരത്തിലെ അത്യാധുനിക സംവിധാനങ്ങളിലേക്ക് കൂടി ഉറ്റുനോക്കുകയാണ് രാജ്യം. പഴയ കെട്ടിടത്തിലെ അവസാന പ്രഭാഷണത്തിൽ പഴയ പാർലമെന്റ് മന്ദിരം ഇനി മുതൽ സംവിധാൻ സദൻ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബിൽ ഇന്ന് അവതരിപ്പിക്കും. പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ ബിൽ ആയിരിക്കും ആദ്യം അവതരിപ്പിക്കുക.
ടാറ്റ പ്രൊജക്റ്റ്സ് ലിമിറ്റഡിന് കീഴിലാണ് നിർമാണം പൂർത്തിയായത്. വലിയ ഭരണഘടനാ ഹാൾ, എം.പിമാർക്കുള്ള ലോഞ്ച്, ഒരു ലൈബ്രറി, വിവിധ കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയ, പാർക്കിങ് സംവിധാനം എന്നിവ മന്ദിരത്തിലുണ്ട്.
ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടം 64,500 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുണ്ട്. 888 അംഗങ്ങൾക്ക് ലോക്സഭാ ചേമ്പറിലും 300 അംഗങ്ങൾക്ക് രാജ്യസഭാ ചേമ്പറിലും ഇരിക്കാനുള്ള സംവിധാനമുണ്ട്. നിലവിലെ അംഗസംഖ്യയിൽ നിന്ന് എത്രയോ അധികമാണ് ഇത്. ഇതിനെ തുടർന്ന് മണ്ഡലങ്ങളുടെ എണ്ണം കൂട്ടാൻ ബി.ജെ.പി പദ്ധതിയിടുന്നതായി മുമ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇരു സഭകളിലും ഒരു ബെഞ്ചിൽ രണ്ട് എം.പിമാർക്ക് ഇരിക്കാൻ സാധിക്കും. ഓരോ എം.പിക്കും ഡെസ്കിൽ ടച്ച് സ്ക്രീനുകൾ ഉണ്ടാകും.
ഫൈവ് സ്റ്റാർ ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷൻ നേടിയ കെട്ടിടത്തിലെ മലിനജന സംസ്കരണ പ്ലാന്റ് വെള്ളം റീസൈക്കിൾ ചെയ്ത് ഇറിഗേഷന് ഉപയോഗിക്കും. മൂന്ന് ഘട്ടത്തിലുള്ള ഫിൽട്രേഷനും യു.വി ലാമ്പുകളും മന്ദിരത്തിനുള്ളിൽ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. ശീതകാലത്ത് ഈർപ്പം നിലനിർത്തുന്നതിന് അൾട്രാസോണിക് ഹുമിഡിഫയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ട്.