പ്രളയ ബാധിതരുടെ ജീവനോപാധി പുനസ്ഥാപിക്കാന്‍ ഉപജീവന വികസന പാക്കേജ് തയ്യാറാക്കും ; മുഖ്യമന്ത്രി
Kerala News
പ്രളയ ബാധിതരുടെ ജീവനോപാധി പുനസ്ഥാപിക്കാന്‍ ഉപജീവന വികസന പാക്കേജ് തയ്യാറാക്കും ; മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th September 2018, 11:50 pm

തിരുവനന്തപുരം: പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ഉപജീവന വികസന പാക്കേജ് തയ്യാറാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന വകുപ്പ്തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് ജീവനോപാധി പുനസ്ഥാപിക്കുന്നതിനാണ് പാക്കേജ് എന്നും മുന്‍ഗണനാകാര്‍ഡുടമകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് കാര്‍ഡുള്ളവര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read പ്രളയത്തെ കേരളം നേരിട്ടത് മാതൃകാപരം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കേന്ദ്രസംഘം

പാക്കേജിന്റെ രൂപരേഖ തയ്യാറാക്കാന്‍ ആസൂത്രണബോര്‍ഡിനെ ചുമതലപ്പെടുത്തിയെന്നും ഒക്ടോബര്‍ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറന്‍സ് നടത്തുന്നത് പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസവും പുനര്‍നിര്‍മ്മാണവും രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക.പുനര്‍ നിര്‍മ്മാണത്തിന് പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതേസമയം സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘതലവന്‍ ബി.ആര്‍ ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.