| Thursday, 13th June 2024, 1:23 pm

ഗ്രഹാം സ്‌റ്റെയിന്‍സിനേയും കുടുംബത്തേയും ചുട്ടുകൊന്നവരുടെ മോചനത്തിനായി ധര്‍ണ നടത്തിയയാള്‍; ആരാണ് ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒഡീഷയില്‍ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി മോഹന്‍ ചന്ദ്ര മഞ്ജിയുടെ മുന്‍ ഇടപെടലുകള്‍ വിവാദത്തില്‍. 1999-ല്‍ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ധാരാ സിങ്ങിന്റെ മോചനത്തിനായി ധര്‍ണ നടത്തിയ ആളാണ് മോഹന്‍ ചന്ദ്ര മഞ്ജി. പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്ന മോഹന്‍ ചന്ദ്ര മഞ്ജിയുടെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും കൊന്ന കേസില്‍ പ്രതികളായ ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സുദര്‍ശന്‍ ടി.വിയുടെ എഡിറ്റര്‍ സുരേഷ് ചവാങ്കയ്‌ക്കൊപ്പം ധര്‍ണ നടത്തിയ ആളാണ് മഞ്ജിയെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ധാരാ സിംഗിനെ മോചിപ്പിക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയ മഞ്ജി, കടുത്ത ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന വ്യക്തി കൂടിയാണ്.

2022 സെപ്തംബറില്‍ ധാരാ സിങ്ങിനെ കാണാന്‍ ജയിലിലെത്തിയ സുരേഷ് ചവാങ്കെയ്ക്ക് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ജയിലിന് പുറത്ത് ധര്‍ണ ഇരിക്കുകയായിരുന്നു സുരേഷ് ചവാങ്കെയും മഞ്ജിയും. ജയില്‍ അധികാരികളെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.

1999-ല്‍ ധാരാ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഗ്രഹാം സ്റ്റെയിന്‍സിനെതിരെ ആക്രമണം നടത്തിയത്. ഗ്രഹാം സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും സഞ്ചരിച്ച വാഹനത്തിന് തീവെക്കുകയായിരുന്നു ഇവര്‍. ആദിവാസികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ തീവ്രവാദികള്‍ സ്‌റ്റെയിന്‍സിനേയും കുടുംബത്തേയും കൂട്ടക്കൊല ചെയ്തത്. ഓസ്‌ട്രേലിയന്‍ പൗരനായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്.

ഒഡീഷയിലെ മനോഹര്‍പൂരില്‍ വെച്ചായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. 30 വര്‍ഷത്തോളം കുഷ്ഠരോഗികള്‍ക്കായി പ്രവര്‍ത്തിച്ച സ്‌റ്റെയിന്‍സ് ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു.

ലോകത്തില്‍ നടന്ന ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നാണ് ഇതെന്നായിരുന്നു അന്നത്തെ പ്രസിഡന്റ് കെ.ആര്‍ നാരായണന്‍ ഈ സംഭവത്തെ അപലപിച്ചത്.

മനോഹര്‍ ഗ്രാമത്തില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുക്കാനായി കാറില്‍ വന്നതായിരുന്നു സ്റ്റെയിന്‍സും മക്കളും. അവിടേക്ക് എത്തിയ ഹിന്ദുത്വ ഭീകരര്‍ കാറിന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. സ്‌റ്റെയിന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിന് അനുവദിച്ചില്ല. ഭാര്യ ഗ്ലാഡിസും മകള്‍ എസ്തറും സംഭവ സമയത്ത് കൂടെയില്ലാത്തതിനാല്‍ രക്ഷപ്പെട്ടു.

സംഭവം അന്വേഷിച്ച കമ്മീഷന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവത്തില്‍ 2003ല്‍ ഖോര്‍ധയിലെ വിചാരണക്കോടതി ധാരാ സിങ്ങിന് വധശിക്ഷയും മറ്റ് 12 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. പിന്നീട് ഒഡീഷ ഹൈക്കോടതി സിങ്ങിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു.

ഒരു മുസ്‌ലിം വ്യാപാരിയെയും ഒരു ക്രിസ്ത്യന്‍ മിഷനറിയെയും കൊലപ്പെടുത്തിയ കേസുകളിലും സിങ്ങിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

2022 ലാണ് ധാരാ സിങ്ങിനെ കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ മാത്രമേ അനുവദിക്കൂവെന്ന് കിയോഞ്ജര്‍ ജയില്‍ അധികൃതര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചാവാങ്കെയും മഞ്ജിയും മറ്റ് ബി.ജെ.പി നേതാക്കളും ജയിലിന് പുറത്ത് പ്രതിഷേധ ധര്‍ണ നടത്തിയത്.

‘ഇത് ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യം മാത്രമാണ്. സാഹചര്യം അനുകൂലമാണെങ്കില്‍, അദ്ദേഹത്തെ പിന്തുണക്കുന്ന കാര്യം ഞങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും,’ എന്നായിരുന്നു 2022ല്‍ ബി.ജെ.പിയുടെ ചീഫ് വിപ്പായിരുന്ന മഞ്ജി ദി ഹിന്ദുവിനോട് പറഞ്ഞത്.

52 കാരനായ മഞ്ജി സന്താല്‍ ഗോത്ര കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബി.ജെ.പിയില്‍ മുഴുവന്‍ സമയ രാഷ്ട്രീയം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം സംഘപരിവാര്‍ നടത്തുന്ന സരസ്വതി ശിശു മന്ദിര്‍ സ്‌കൂളില്‍ അധ്യാപകനായി.

ഇതിന് പിന്നാലെയാണ് ഗോത്രവര്‍ഗക്കാര്‍ക്ക് ആധിപത്യമുള്ള കിയോഞ്ജര്‍ അസംബ്ലി സീറ്റില്‍ നാല് തവണ മത്സരിക്കുന്നത്. എന്നാല്‍ 2009ലും 2014ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ജി പരാജയപ്പെട്ടിരുന്നു.

ഖനന സമ്പന്നമായ കിയോഞ്ജറിലെ പരിസ്ഥിതി ലംഘനങ്ങളിലേക്കും അഴിമതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു മഞ്ജിയുടെ പ്രവര്‍ത്തനം. നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദള്‍ സര്‍ക്കാരിന് കീഴില്‍ ജില്ലാ മിനറല്‍ ഫണ്ട് ഏതൊക്കെ രീതിയില്‍ ചിലവഴിക്കപ്പെടുന്നുണ്ടെന്ന അന്വേഷണവും അദ്ദേഹം നടത്തി. കഴിഞ്ഞ നിയമസഭയില്‍ ബി.ജെ.പിയുടെ ചീഫ് വിപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു.

സംഘപരിവാറിലെ അദ്ദേഹത്തിന്റെ പശ്ചാത്തലം തന്നെയാണ് സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളേക്കാള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.

ഒഡീഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ മഞ്ജി ആദ്യമായി ഒപ്പിട്ടത് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് കവാടങ്ങളും വീണ്ടും തുറക്കാനും പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാനുമുള്ള നിര്‍ദ്ദേശത്തിനുമാണ്.

Content Highlight: New Odisha CM Had Campaigned for Release of Graham Staines’ Killer Dara Singh

We use cookies to give you the best possible experience. Learn more