'പുറത്തു പോയില്ലെങ്കില്‍ പുറത്താക്കും'; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം
Kerala News
'പുറത്തു പോയില്ലെങ്കില്‍ പുറത്താക്കും'; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 9:02 am

വയനാട്: സഭയില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ പുറത്താക്കുമെന്ന് കാണിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. സിനഡ് തിരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് അപരാധമാണെന്നും കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്രവ്രതത്തിനു വിരുദ്ധമാണെന്നും പുതിയ നോട്ടീസില്‍ പറയുന്നു.

എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തെന്ന കുറ്റം പുതിയ നോട്ടീസില്‍ പറയുന്നില്ല.

പുറത്തു പോകുന്നില്ലെങ്കില്‍ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ലൂസി കളപ്പുര കാനോന്‍ നിയമപ്രകാരം കന്യാസ്ത്രി പാലിക്കേണ്ട  ചട്ടങ്ങള്‍ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത വിഷയങ്ങളിലടക്കം ലൂസി കളപ്പുരയ്ക്കല്‍ കഴിഞ്ഞ ദിവസം അശോകപുരത്തെ എഫ്‌സിസി ജനറലേറ്റായ “പോര്‍സ്യുങ്കള”യിലെത്തി വിശദീകരണം നല്‍കിയിരുന്നു. പതിനാലോളം കുറ്റങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ മദര്‍ സുപീരിയര്‍ നല്‍കിയ നോട്ടീസിലുണ്ടായിരുന്നത്.

സിസ്റ്റര്‍ ലൂസിയുടെ പ്രവര്‍ത്തനങ്ങള്‍ സഭാ ചട്ടങ്ങള്‍ക്കും സന്യാസ ജീവിതത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദര്‍ ജനറല്‍ നേരത്തേ 4 കത്തുകള്‍ നല്‍കിയിരുന്നു.