| Thursday, 15th December 2016, 7:06 pm

പുതിയ നോട്ടുകളുടെ വ്യാജനുണ്ടാക്കാനാകില്ല; 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധയെന്നും ധനകാര്യ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്


പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടാണ്. പുതിയ നോട്ടുകള്‍ പൂര്‍ണമായും രാജ്യത്ത് തന്നെ രൂപകല്‍പന ചെയ്തതാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ തദ്ദേശീയമായി നോട്ടുകള്‍ രൂപകല്‍പന ചെയ്യുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ 500, 2,000 രൂപയുടെ വ്യാജനോട്ടുകള്‍ ഉണ്ടാക്കല്‍ എളുപ്പമാകില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്.

പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അനുകരിക്കാന്‍ ബുദ്ധിമുട്ടാണ്. പുതിയ നോട്ടുകള്‍ പൂര്‍ണമായും രാജ്യത്ത് തന്നെ രൂപകല്‍പന ചെയ്തതാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ തദ്ദേശീയമായി നോട്ടുകള്‍ രൂപകല്‍പന ചെയ്യുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

500 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിക്കുന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതെന്നും ചില ബാങ്കുകള്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


എത്രയും പെട്ടെന്ന് ജനങ്ങളുടെ കൈയ്യിലുള്ള പണത്തിന് തുല്യമായ തുക നല്‍കുക എന്നതിനായിരുന്നു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. അതുകൊണ്ടാണ് 2,000 രൂപ നോട്ടുകള്‍ കൂടുതലായി ആദ്യം അച്ചടിച്ചത്. ഇപ്പോള്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകളുടെ അച്ചടി കൃത്യമായി പുരോഗമിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ അത്യാവശ്യ കേന്ദ്രങ്ങളില്‍ വളരെ പെട്ടെന്ന് വിമാന മാര്‍ഗം നോട്ടുകള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 5 ആഴ്ചയ്ക്കിടയില്‍ വിതരണം ചെയ്ത 100 രൂപയ്ക്കും അതിനു താഴെയുമുള്ള നോട്ടുകള്‍ ഒരു വര്‍ഷം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകളുടെ മൂന്ന് ഇരട്ടിയാണ്. രാജ്യത്തുള്ള 2.20 ലക്ഷം എ.ടി.എമ്മുകളില്‍ രണ്ടു ലക്ഷം എ.ടി.എമ്മുകള്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതായും ശക്തികാന്ത ദാസ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more