| Thursday, 5th May 2016, 10:32 am

സൗദിയില്‍ നിതാഖത് രണ്ടാം ഘട്ടം ഉടന്‍; മലയാളികള്‍ക്ക് ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ നിതാഖത് നിയമത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030യുടെ ഭാഗമായിട്ടായിരിക്കും നിതാഖത്തിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുക.

അടുത്ത പതിനാലു വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ഏഴു ശതമാനമായി കുറയ്ക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 ലക്ഷ്യമിടുന്നത്. ഇതിനു പുറമേ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈ രണ്ടു ലക്ഷ്യങ്ങളില്‍ ഊന്നിയായിരിക്കും നിതാഖത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുക.

സ്വദേശികള്‍ക്ക് 11 ലക്ഷം മുതല്‍ 13 ലക്ഷം തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കാനാണ് ഇതു വഴി ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അനുസരിച്ച് സ്വദേശികള്‍ക്കു നല്‍കേണ്ട മിനിമം വേതനവും സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നാണ് സൂചനകള്‍. എല്ലാ മേഖലകളിലും നിതാഖത് നിര്‍ബന്ധമായും നടപ്പാക്കുമെങ്കിലും വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന്റെ തോത് വ്യത്യസ്തമായിരിക്കും. 2011ല്‍ നിലവില്‍ വന്ന നിതാഖത് നിയമം അനുസരിച്ച് സ്ഥാപനങ്ങള്‍ നിശ്ചിത ശതമാനം സ്വദേശികളെ ജോലിക്കു വയ്ക്കണം.

നിതാഖത് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതോടെ ഈ തോത് ഉയരും. നിലവില്‍ പതിനൊന്നര ശതമാനത്തിനു മുകളിലാണ് സൗദിയിലെ തൊഴിലില്ലായ്മ നിരക്ക്. നിതാഖത് നിയമം നടപ്പിലാക്കിയതിനു ശേഷം തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ ഷോപ്പുകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നത് അടുത്തിടെ സൗദി ഭരണകൂടം നിരോധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more