ബാബുറാം ഭട്ടറായി നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു
World
ബാബുറാം ഭട്ടറായി നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2011, 1:10 pm

കാഠ്മണ്ഡു: മാവോവാദി നേതാവ് ബാബുറാം ഭട്ടറായി നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിന് വിരാമമിട്ടാണ് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയെ തിരഞെടുത്തത്. തെറായി മേഖലയിലെ മധേസി സഖ്യ കക്ഷികള്‍ നിര്‍ണായക സമയത്ത് പിന്തുണ നീട്ടിയതാണ് രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അധികാരത്തിലേറാന്‍ മാവോവാദികളെ സഹായിച്ചത്.

മുഖ്യ എതിരാളിയായ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. സി പൗഡ്യാലിനെയാണ് ഭട്ടറായി തോല്‍പ്പിച്ചത്. നേപ്പാള്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭട്ടറായിക്ക് 340 വോട്ടു ലഭിച്ചപ്പോള്‍ പൗഡ്യാലിന് 235 വോട്ടാണ് കിട്ടിയത്. മധേസി പാര്‍ട്ടികളുടെ സഖ്യമായ യൂണൈറ്റഡ് ഡമോക്രാറ്റിക്ക് മധേസി ഫ്രണ്ടും ചെറു പാര്‍ട്ടികളും മാവോവാദികള്‍ക്കൊപ്പം നിന്നപ്പോള്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേപ്പാളി കോണ്‍ഗ്രസ്സിനെ പിന്തുണച്ചു.

ബാബുറാം ഭട്ടറായി (57) ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. 2008ല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മാവോവാദികളുടെ പരിവര്‍ത്തനത്തിനായി യത്‌നിച്ച നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനാണ് ഇദ്ദേഹമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഭരണ ഘടനയുടെ നിര്‍മാണവും സമാധാന പ്രക്രിയ നടപ്പാക്കലുമാണ് മുഖ്യ ലക്ഷ്യമെന്ന് ഭട്ടറായി പ്രഖ്യാപിച്ചിട്ടുണ്ട്.