നാനോയെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമത്തിലാണ് ടാറ്റാ മോട്ടോഴ്‌സ്. കുട്ടിക്കാറില്‍ സമ്മര്‍ദിത പ്രകൃതി വാതക (സി.എന്‍.ജി.)ഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണത്തിലാണ് കമ്പനി. ആറ് മാസത്തിനുള്ളില്‍ പുതുപുത്തന്‍ സ്റ്റൈലില്‍ കാര്‍ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.[]
ചെറുകാറുകളുടെ കൂട്ടത്തില്‍ വിപ്ലവം സൃഷ്ടിക്കാനായാണ് നാനോ ഇറങ്ങിയതെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നാനോയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല പഴികള്‍ പലതും കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ആളുകള്‍ക്ക് കുറച്ചുകൂടി ഇഷ്ടം തോന്നുന്ന രീതിയില്‍ മാറ്റം വരുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കാള്‍ സ്‌ലിം പറഞ്ഞു. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച നാനോയുടെ രണ്ടാം വരവ് അല്പം വൈകുമെന്നും അദ്ദേഹം പറഞ്ഞു.
നാനോയുടെ ഇപ്പോഴത്തെ മോഡലുമായി യൂറോപ്യന്‍, ആസിയാന്‍, ദക്ഷിണ അമേരിക്കന്‍ വിപണികളില്‍ പ്രവേശിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ കുഞ്ഞന്‍ കാര്‍ നില മെച്ചപ്പെടുത്തിയെന്നാണ് സ്‌ലിം പറയുന്നത്. ഏതാനും മാസമായി നാനോയുടെ പ്രതിമാസ വില്‍പ്പന ശരാശരി 9,000 യൂണിറ്റാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലഭ്യമായ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി നാനോയുടെ അടുത്ത തലമുറ മോഡല്‍ നിരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നാനോയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് തന്നെ അംഗീകാരം നേടിത്തന്ന കാര്‍ എന്ന പേര് നാനോയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും സ്‌ലിം പറയുന്നു.