ധോണിക്ക് ശേഷം 'ഇന്ത്യയുടെ ശത്രുക്കളില്‍' പുതിയ 'മിസ്റ്റര്‍ കൂളിനെ' കണ്ടെത്തി സെവാഗ്
Cricket news
ധോണിക്ക് ശേഷം 'ഇന്ത്യയുടെ ശത്രുക്കളില്‍' പുതിയ 'മിസ്റ്റര്‍ കൂളിനെ' കണ്ടെത്തി സെവാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd June 2023, 9:43 pm

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. അവിശ്വസനീയമായ ഷോട്ടുകള്‍ കളിക്കുന്നത് മുതല്‍ മിന്നല്‍ വേഗതയിലുള്ള വിക്കറ്റ് കീപ്പിങ് കഴിവുകള്‍ കൊണ്ട് വരെ, 41 കാരനായ ക്രിക്കറ്റ് താരം നിരവധി അവസരങ്ങളില്‍ സ്വന്തം ടീമിനെ ജയിപ്പിക്കാറുണ്ട്.

ഏത് സാഹചര്യമായാലും മത്സരങ്ങളില്‍ ശാന്തസ്വരൂപനായി മാത്രമെ താരത്തെ കാണപ്പെടാറുള്ളൂ. അതിനാലാണ് ധോണിക്ക് ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന പദവി ലഭിച്ചത്. എന്നാലിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ക്രിക്കറ്റില്‍ ഒരു പുതിയ ‘മിസ്റ്റര്‍ കൂളിനെ’ കണ്ടെത്തിയിരിക്കുകയാണ്.

മറ്റാരുമല്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് സെവാഗിന്റെ ‘പുതിയ മിസ്റ്റര്‍ കൂള്‍’. വലിയ സമ്മര്‍ദത്തിന് കീഴിലും നഥാന്‍ ലയോണിനൊപ്പം പുറത്തെടുത്ത ഓസീസ് നായകന്റെ പക്വതയാര്‍ന്ന ഇന്നിങ്‌സാണ് സെവാഗിനെ ത്രില്ലടിപ്പിച്ചത്.

ഞാന്‍ സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് മത്സരമാണിതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. രണ്ട് ഇന്നിങ്സുകളിലും ഖവാജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും സെവാഗ് അഭിനന്ദിച്ചു.

‘എന്തൊരു ടെസ്റ്റ് മത്സരം. ഞാന്‍ സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത്. ടെസ്റ്റ് ക്രിക്കറ്റാണ് മികച്ച ക്രിക്കറ്റ്. ആദ്യ ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, പ്രത്യേകിച്ച് കാലാവസ്ഥ കണക്കിലെടുത്ത് ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം ധീരമായിരുന്നു.

എന്നാല്‍ രണ്ട് ഇന്നിങ്സുകളിലും ഖവാജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, @patcummins30 ആണ് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മിസ്റ്റര്‍ കൂള്‍. സമ്മര്‍ദ്ദത്തിന് കീഴിലുള്ള ഇന്നിങ്സാണ് ലിയോണുമായുള്ള ആ കൂട്ടുകെട്ട്,’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

Content Highlights: new mr. cool replaces captain cool dhoni