പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന അപ്ഡേറ്റാണ് ഫഹദ് ഫാസിലിന്റേതായി പുറത്തുവരുന്നത്. പതിനാറ് വർഷങ്ങൾക്ക് ശേഷം രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ. മലയാളത്തിലെ മാസ് സിനിമകൾക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രഞ്ജി പണിക്കർ.
ദി കിങ് , കമ്മീഷ്‌ണർ, ലേലം തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് കഥയൊരുക്കിയ അദ്ദേഹം ഭരത് ചന്ദ്രൻ ഐ.പി.എസ് , രൗദ്രം എന്നീ രണ്ട് സിനിമകളാണ് ഇതിനു മുമ്പ് സംവിധാനം ചെയ്തിട്ടുള്ളത്. പതിനാറ് വർഷങ്ങൾക്കിപ്പുറം ഫഹദ് ഫാസിലുമൊത്തൊരു ചിത്രം വരുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്ലാണ് സിനിമ നിർമിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഇപ്പോൾ ഒരു മിനിറ്റോളമുള്ള ഒരു വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയിൽ ഫഹദിന്റെ മുഖം കാണിക്കുന്നില്ലെങ്കിലും ഒരു മാസ് ചിത്രം തന്നെയായിരിക്കും ഇതെന്നാണ് സൂചനകൾ.
ഇയ്യോബിന്റെ പുസ്തകം, വരത്തൻ, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മാസ് സിനിമകളിൽ തന്റേതായ ഒരു സ്റ്റൈൽ ഉണ്ടാക്കാൻ ഫഹദിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ജിത്തു മാധവൻ ചിത്രം ആവേശവും വലിയ വിജയമായി മാറിയിരുന്നു. പുഷ്പ 2 , വേട്ടയാൻ തുടങ്ങിയ സിനിമകളിലൂടെ അന്യഭാഷകളിലും തിരക്കുള്ള നടനാണ് ഫഹദ്.
ഈയിടെയായി അഭിനയത്തിൽ കൂടുതൽ സജീവമായ രഞ്ജി പണിക്കർ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രതീക്ഷയുള്ള പ്രൊജക്റ്റ് തന്നെയാണ് ഈ ഫഹദ് ഫാസിൽ ചിത്രം.
Content Highlight: New Movie Of Fahad Fazil With Ranji Panikar