അമൽ നീരദ് സംഭവം ലോഡിങ് ; നിഗൂഢത ഒളിപ്പിക്കുന്ന ബോഗയ്ൻവില്ല, ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലറോ?
Entertainment
അമൽ നീരദ് സംഭവം ലോഡിങ് ; നിഗൂഢത ഒളിപ്പിക്കുന്ന ബോഗയ്ൻവില്ല, ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലറോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2024, 12:41 pm

മലയാള സിനിമയിൽ അവതരണത്തിൽ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അമൽ നീരദ്. ഭീഷ്മ പർവം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ റൂമർ നില നിൽക്കുന്നുണ്ട്.

ആദ്യ ചിത്രമായ ബിഗ് ബിയുടെ സ്പിൻ ഓഫായ ബിലാൽ ആയിരിക്കുമോ അമൽ നീരദ് ഇനി ഒരുക്കുകയെന്നെല്ലാം സിനിമ പ്രേമികൾ ഒറ്റുനോക്കിയിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ഈയിടെ വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ തുടങ്ങിയവരുടെ ചിത്രത്തിന്റെ സ്റ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഗംഭീര സ്വീകരണമായിരുന്നു സ്റ്റില്ലുകൾക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്.

യുവതാരങ്ങളെ വെച്ച് മൾട്ടിസ്റ്റാർ ചിത്രമായ ബാച്ച്ലർ പാർട്ടി ഒരുക്കിയ സംവിധായകനാണ് അമൽ നീരദ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ ആദ്യമായി ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ.

ഇപ്പോഴിതാ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. ‘ബോഗയ്ൻവില്ല’ എന്ന പേരിട്ടിരിക്കുന്ന ചിത്രം കുഞ്ചാക്കോ ബോബനും ജ്യോതിർമയും ചേർന്നാണ് നിർമ്മിക്കുന്നത്. ലാജോ ജോസും അമൽ നീരദും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതം നിർവഹിക്കുന്നത്. എഡിറ്റിങ് വിവേക് ഹർഷനും.

വൈലൻസും ആക്ഷനും നിറഞ്ഞ ഒരു പക്ക അമൽ നീരദ് ചിത്രം തന്നെയാവും ബോഗയ്ൻവില്ല എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ജ്യോതിർമയി സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

 

Content Highlight: New Movie of Amal Neeradh  Named Bougainvillea