നാടകീയ നീക്കങ്ങള്‍; ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
Bihar Election
നാടകീയ നീക്കങ്ങള്‍; ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 10:48 pm

പട്‌ന: ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കരുനീക്കം ശക്തമാക്കി കോണ്‍ഗ്രസ്.

നിതീഷ് കുമാര്‍ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബീഹാര്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ടു. സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

ദുര്‍ഗപൂജക്കിടെയുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. ദുര്‍ഗാ വിഗ്രഹ പൂജയ്ക്കിടെ മുന്‍ഗെറില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

മുന്‍ഗെറില്‍ ഉണ്ടായ വെടിവെയ്പ്പിന് ബി.ജെ.പിയും ജെ.ഡി.യുമാണ് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

നിതീഷ് കുമാര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.

”ദുര്‍ഗാദേവിയുടെ നിരപരാധികളായ ഭക്തര്‍ക്ക് നേരെ ലാത്തി ചാര്‍ജിനും വെടിവെയ്പ്പിനും ഉത്തരവിട്ടത് ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാരാണ്,” കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലാ പറഞ്ഞു.

മുന്‍ഗെര്‍ വെടിവെയ്പ്പിന് ഉത്തരവാദി നിതീഷ് കുമാറാണെന്ന് ആരോപിച്ച് നേരത്തെ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും രംഗത്തുവന്നിരുന്നു.

മുന്‍ഗെറിലെ വെടിവെയ്പ്പിന്റെ പേരില്‍ ബീഹാര്‍ സര്‍ക്കാരിനെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

മുന്‍ഗെറില്‍ നിതീഷിനെതിരെയുള്ള ജനവികാരം തന്നെയാണ് കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ പിടിവള്ളിയാക്കാന്‍ ശ്രമിക്കുന്നത്.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. നവംബര്‍ 3,7 തിയതികളിലായിട്ടാണ് അടുത്ത ഘട്ടങ്ങള്‍. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: New Moves In Bihar By Congress; met Governor to dismiss Nitish Kumar Government