മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക
World News
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 11:32 am

യു.എന്‍: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവുമായി അമേരിക്ക. യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെയാണ് പുതിയ കരട് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. രണ്ടാഴ്ച്ച മുന്‍പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന വിലക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം.

15 അംഗങ്ങളുള്ള യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അംഗികരിക്കപ്പെട്ടാല്‍ മസുദ് ആസറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ആയുധ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

ALSO READ: ബീഹാറില്‍ ബി.ജെ.പി നേതാവിന്റെ വീട് നക്‌സലൈറ്റുകള്‍ ബോംബ് വെച്ച് തകര്‍ത്തു

പ്രമേയം ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യു.എസ് കൈമാറിയിട്ടുണ്ട്.എന്നാല്‍ ചൈനയുടെ പിന്തുണകിട്ടിയാല്‍ മാത്രമെ പ്രമേയം അംഗീകരിക്കപ്പെടൂ.ചൈന മുസ്ലിം ഭീകരവാദികളെ സഹായിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

എന്നാല്‍ മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തില്‍ ചൈന “ലജ്ജാകരമായ കാപട്യം” കാണിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. സ്വദേശത്ത് ലക്ഷക്കണക്കിന് മുസ്ലീങ്ങളെ ആക്രമിക്കുന്ന ചൈന യു.എന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെ സംരക്ഷിക്കുകയാണെന്നും മൈക്ക് പോംപിയോ കുറ്റപ്പെടുത്തി.