India
'പുതുക്കിയ ട്രാഫിക്ക് നിയമത്തിന് മുമ്പും ശേഷവും'; പോക്കറ്റ് കാലിയാക്കുന്ന പിഴ ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 10, 01:29 pm
Tuesday, 10th September 2019, 6:59 pm

മോട്ടോര്‍വാഹന ഭേദഗതിയിലൂടെ ഉയര്‍ന്ന പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്‍. പുതുക്കിയ ഫൈന്‍ നിരക്കിനെ രാജ്യത്തെ റോഡുകളുമായടക്കം താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന നിയമം വാഹനയാത്രക്കാരുടെ നടുവൊടിക്കുന്നതാണെന്നും ഫൈനടയ്ക്കാന്‍ ലോണെടുക്കേണ്ടി വരുമെന്നടക്കം വിമര്‍ശകര്‍ പറയുന്നു.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം പുതുതായി ഏര്‍പ്പെടുത്തിയത് 1000 രൂപയാണ്. അതുപോലെ മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപയാണ് പുതുക്കിയ പിഴ, കൂടാതെ ആറ് മാസം തടവും. പണ്ട് ഇത് 2000 ആയിരുന്നു.

മുമ്പുള്ളതിനെക്കാള്‍ പത്തിരട്ടിയോളം ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ സി.പി.ഐ.എമ്മും കോണ്‍ഗ്രസുമടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എതിര്‍പ്പുന്നയിച്ചിരുന്നത്.

നിലവില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പിഴ കുറച്ച് കിട്ടാനായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കുറഞ്ഞ പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുമുണ്ട്.