തിരുവനന്തപുരം: മന്ത്രിസഭാ യോഗം കൈക്കൊണ്ട ആദ്യ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യ ലഘൂകരണം, ജപ്തി നടപടികള്‍ ഒഴിവാക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് എടുത്ത സുപ്രധാന തീരുമാനങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം നടപ്പാക്കാന്‍ സുപ്രധാനമായ തീരുമാനം ആദ്യമന്ത്രിസഭാ യോഗം കൈക്കൊണ്ടു. അതിനായി വിശദമായ സര്‍വേ നടത്തും, ക്ലേശ ഘടകങ്ങള്‍ നിര്‍ണയിച്ച്, അത് ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. അതിന് വേണ്ടി, രണ്ട് തദ്ദേശ വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
പാര്‍പ്പിടമെന്നത് മനുഷ്യന്റെ അവകാശമായി പ്രഖ്യാപിച്ച സര്‍ക്കാരാണിത്. അതേസമയം, ജപ്തി നടപടികളിലൂടെയും മറ്റും കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശാശ്വതമായ നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കും.
ധനകാര്യ അഡീഷണല്‍ സെക്രട്ടറി, അഡി. ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡി. ചീഫ് സെക്രട്ടറി, ഒരു വിദഗ്ധ അഭിഭാഷകന്‍ ഇവരടങ്ങുന്ന കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ടിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. അതോടൊപ്പം ഗാര്‍ഹിക ജോലികളിലെ ഭാരം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയും വാഗ്ദാനം നല്‍കിയിരുന്നു. വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്ന ഈ പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു.
ഇതോടൊപ്പം 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉതകുന്ന പദ്ധതിയുടെ മാര്‍ഗ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി വീട്ടുപടിക്കല്‍ എത്തുന്ന വലിയൊരു പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിവസം പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക