[]വില കുറഞ്ഞ കാറെന്ന പൊലിമയുള്ള നാനോയുടെ പരിഷ്‌ക്കരിച്ച പതിപ്പ് അടുത്താഴ്ച്ച പുറത്തിറക്കുമെന്ന് നാനോ കമ്പനി അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വ്യത്യസ്തകളൊന്നും പുതിയ പതിപ്പിലിറക്കിയിട്ടില്ലെന്നാണറിയുന്നത്. എന്നാല്‍ കാഴ്ച്ചക്ക് കുളിര്‍മ തരുന്ന ചില മാറ്റങ്ങള്‍ പുതിയ നാനോവില്‍ ഇറക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.[]
മുന്നിലും പിന്നിലും പുതിയ ബംമ്പറുകളും ക്രോം സ്ട്രിപ്പുകളും പുതിയ നാനോയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം എന്‍ജിനിലേക്കുള്ള വായു സഞ്ചാരം മെച്ചപ്പെടുത്താന്‍ പിന്‍ ബംമ്പറിലെ എയര്‍ വെന്റുകളും വലുതാക്കിയിട്ടുണ്ട്.
അകത്തളം പരിഷ്‌കരിച്ചതിനൊപ്പം ബ്ലൂടൂത്ത് സംവിധാനമുള്ള ഇന്റഗ്രേറ്റഡ് സ്റ്റീരിയോയും 2013 നാനോയില്‍ ടാറ്റ ലഭ്യമാക്കും.
കാറിനുള്ളില്‍ സംഭരണ സൗകര്യമൊരുക്കാന്‍ പുതിയ ഗ്ലൗ ബോക്‌സും ഘടിപ്പിച്ചിട്ടുണ്ട്. നിറത്തിലും തുണിത്തരത്തിലുമുള്ള ചില്ലറ വ്യത്യാസം ഒഴിവാക്കിയാല്‍ കാറിന്റെ അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളില്ലെന്നാണ് സൂചന.
നാനോ 2012 നെ അപേക്ഷിച്ച് പുതിയ മോഡലിന് വില കൂടും. എന്നാല്‍ വിലയില്‍ എത്രത്തോളം വര്‍ദ്ധനവുണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.
സമ്മര്‍ദിത പ്രകൃതി വാതക(സി എന്‍ ജി)ത്തില്‍ ഓടുന്നതും പവര്‍ സ്റ്റീയറിങ് സൗകര്യമുള്ളതുമായ നാനോ കാറുകള്‍ അധികം വൈകാതെ നിരത്തിലെത്താനിരിക്കെ അതു വരെയുള്ള താല്‍ക്കാലിക സംവിധാനമാണ് നാനോയുടെ പുതിയ പതിപ്പെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പവര്‍ സ്റ്റീയറിങ് എത്തുന്നതോടെ ഡ്രൈവിങ് കൂടുതല്‍ അനായാസമാവുമെന്നും ഇതുവഴി കൂടുതല്‍ ആളുകള്‍ വാഹനം വാങ്ങാനെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.